Fraud Case | സച്ചിത റൈയുടെ അറസ്റ്റ്: 'രാഷ്ട്രീയക്കാരിയാണെന്ന ലേബലും അധ്യാപികയെന്ന ഉദ്യോഗവും വിശ്വാസ്യത നേടിക്കൊടുത്തു'; പരാതിയുമായി രംഗത്തെത്തിയത് അനവധി പേർ
● ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെയും യുവാക്കളെയും വലയിൽ വീഴ്ത്തി
● ഇൻലൻഡ് ലെറ്റർ കാർഡിലെ വ്യാജ അഭിമുഖ അറിയിപ്പ് കാണിച്ചു
● സോഷ്യൽ മീഡിയയിൽ പ്രമുഖരൊത്തുള്ള ഫോടോകൾ പോസ്റ്റ് ചെയ്ത് വിശ്വാസ്യത നേടി
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ സച്ചിത റൈ തട്ടിപ്പുകാരിയായി വിലസിയതും പണം വാങ്ങാൻ മറയാക്കിയതും രാഷ്ട്രീയക്കാരിയാണെന്ന ലേബലും, അധ്യാപിക ചതിക്കില്ലെന്ന ഉറപ്പും നൽകിയ ശേഷമെന്ന് വിവരം. നിരവധി പേർക്ക് ജോലി നൽകിയെന്ന് പറഞ്ഞ് ഇൻലൻഡ് ലെറ്റർ കാർഡിലെ വ്യാജ അഭിമുഖ അറിയിപ്പ് കാണിച്ചാണ് നിഷ്കളങ്കരായ നിരവധി യുവതികളെയും യുവാക്കളെയും രക്ഷിതാക്കളെയും സച്ചിത വലയിൽ വീഴ്ത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്.
കൂടെ പഠിച്ച നിരവധി യുവതികൾ ജോലിക്കായി സച്ചിതയെ വിശ്വസിച്ച് 10 ഉം 15 ഉം ലക്ഷം വരെ നൽകിയിട്ടുണ്ടെന്ന് പരാതികളിൽ നിന്ന് വ്യക്തമാണ്. സാധാരണക്കാരനായ ഓടോറിക്ഷ ഡ്രൈവർ മുതൽ ഹെഡ്മിസ്ട്രസ് വരെ തട്ടിപ്പിനിരയായവരിൽ ഉൾപ്പെടും. പരമ്പരാഗത സിപിഎം കുടുംബാംഗമായ സച്ചിത എസ്എഫ്ഐ, ഡിവൈഎഫ്ഐ വഴിയാണ് പാർടിയിലെത്തിയത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ പ്രമുഖർക്കൊപ്പമുള്ള ഫോടോകൾ ഫേസ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പോസ്റ്റ് ചെയ്ത് ആളുകളുടെ വിശ്വാസ്യത നേടിയെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ മറ്റ് പാർടികളെ വിമർശിച്ച് പോസ്റ്റ് ഇടുന്ന സച്ചിത കടുത്ത രീതിയിൽ പ്രതികരിക്കുന്നവർക്കെതിരെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി ബദിയഡുക്ക പൊലീസിൽ പരാതി നൽകി കേസിൽ കുടുക്കാനും ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
തട്ടിപ്പിലൂടെ സമ്പാദിച്ചതായി പറയുന്ന പണം സച്ചിത എവിടേക്ക് ഒഴുക്കിയെന്നുള്ള കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇവർ എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയിട്ടുണ്ടെന്ന അഭ്യൂഹമടക്കം ശക്തമാണ്. പണം എന്തു ചെയ്തുവെന്ന് കണ്ടെത്തിയാൽ മാത്രമേ പണം നൽകിയവർക്ക് അത് കോടതി വഴിതിരിച്ചു കിട്ടാൻ സാധിക്കുകയുള്ളൂവെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.
#Fraud #Allegation #Arrest #Scam #JobOffer #Kasargod