Arrest | കൈക്കുഞ്ഞുമായി അറസ്റ്റിലായ സച്ചിത റൈയെ രാത്രി തന്നെ മജിസ്‌ട്രേടിന് മുന്നില്‍ ഹാജരാക്കി; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു
കാസര്‍കോട്: (KasargodVartha) കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ കോടതിയില്‍ കീഴടങ്ങാന്‍ കൈക്കുഞ്ഞുമായി എത്തിയപ്പോള്‍ അറസ്റ്റിലായ മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമിറ്റിയംഗവും പുത്തിഗെ ബാഡൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സച്ചിത റൈയെ (Sachitha Rai-27) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച (24.10.2024) രാത്രി 10 മണിയോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേടിന് മുന്നില്‍ ഹാജരാക്കി 11 മണിയോടെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് സച്ചിതയെ കാഞ്ഞങ്ങാട് സബ് ജയിലില്‍ എത്തിക്കുകയും രാവിലെവരെ അവിടെ പാര്‍പിക്കുകയും ചെയ്തു. കൈക്കുഞ്ഞ് ഉള്ളതിനാല്‍, സബ് ജയിലില്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജലിലില്‍ അടക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വിദ്യാനഗര്‍ പന്നിപ്പാറയിലെ അഭിഭാഷകന്‍ അഡ്വ. വിനോദിന്റെ ഓഫീസില്‍ ഹാജരായി കോടതിയില്‍ കീഴടങ്ങുകയെന്ന ലക്ഷ്യത്തോടെ എത്തിയ സച്ചിതയെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ സഹായത്തോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. രണ്ട് മാസം പ്രായമായ കുഞ്ഞ് ഉള്ളതിനാല്‍ എല്ലാ സൗകര്യവും പൊലീസ് ഒരുക്കി കൊടുത്തിരുന്നു. കുഞ്ഞ് ഒപ്പം ഉള്ളതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നില്ലെന്നാണ് വവിരം.
തട്ടിയെടുത്ത കോടികള്‍ എന്തു ചെയ്തുവെന്ന പൊലീസിന്റെ ചോദ്യത്തിന് റിക്രൂട്‌മെന്റ് സ്ഥാപനം നടത്തുന്ന ഉഡുപ്പിയിലെ ചന്ദ്രശേഖര കുന്താറിനായി അവിടെ കൊടുത്തുവെന്നും, പിന്നെ ഇവിടെ കൊടുത്തുവെന്നും എന്നതരത്തിലുള്ള എങ്ങും തൊടാതെയുള്ള മറുപടിയാണ് അന്വേഷണ സംഘത്തിന് നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സച്ചിതയെ പൊലീസ് കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. ചന്ദ്രശേഖര കുന്താറിന് പണം കൊടുത്തുവെന്നതിന് ചില ചെകുകള്‍ സച്ചിത പൊലീസിന് കൈമാറിയതായാണ് വിവരം. എന്നാല്‍ ചെകുകളില്‍ കൃത്രിമം കാട്ടി കൂടുതല്‍ തുക എഴുതി ചേര്‍ത്തിട്ടുണ്ടെന്ന സംശവും ഉയര്‍ന്നിട്ടുണ്ട്. ഭര്‍ത്താവോ വീട്ടുകാരോ ആരും തന്നെ സച്ചിതയുടെ കൂടെ വരാത്തത്, ജാമ്യം കിട്ടാന്‍ കോടതിയുടെ കാരുണ്യം പ്രതീക്ഷിച്ചായിരിക്കാമെന്നും കരുതുന്നു.
സച്ചിത അറസ്റ്റിലായതോടെ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ട്. രേഖാമൂലമുള്ള പരാതികളിലാണ് ഇപ്പോള്‍ 12 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എന്നാല്‍ നേരിട്ട് പണം നല്‍കി, രേഖകള്‍ ഒന്നും കയ്യിലില്ലാത്തവരുടെ പരാതികളില്‍ കേസ് നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹെഡ്മിസ്ട്രസ് അവരുടെ മകള്‍ക്കും ബന്ധുക്കളായ മറ്റ് ചില പെണ്‍കുട്ടികള്‍ക്കും വേണ്ടി 50 ലക്ഷം രൂപ സച്ചിത റൈക്ക് നല്‍കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. സച്ചിതയുടെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇവരെ കുമ്പള ഏരിയാ കമിറ്റി എല്ലാ സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയിരുന്നു.
#KeralaCrime #FraudCase #DYFILeader #SachithaRai #Arrest