Robbery | 'തോക്ക് ചൂണ്ടി ക്രഷര്‍ മാനേജരില്‍ നിന്ന് 10 ലക്ഷം കവർന്നു'; മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികൾ
● ക്രഷർ മാനേജർ പിപി രവീന്ദ്രനിൽ നിന്നാണ് പണം കവർന്നത്.
● ബിഹാർ, അസം സ്വദേശികളാണ് പ്രതികൾ.
● പ്രതികൾ ട്രെയിനിലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
● കർണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കാഞ്ഞങ്ങാട്: (KasargodVartha) മാവുങ്കാലിൽ ക്രഷർ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10.20 ലക്ഷം രൂപ കവർന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ മുഹമ്മദ് ഇബ്രോൺ ആലം (21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (30) എന്നിവരെയും അസം സ്വദേശി ധനഞ്ജയ് ബോറയെയുമാണ് (22) പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് 5.50 മണിയോടെയാണ് സംഭവം നടന്നത്. ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയുടെ സ്റ്റോക് യാർഡ് മാനേജർ പിപി രവീന്ദ്രനിൽ നിന്നാണ് പണം കവർന്നത്. ക്രഷറിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ പെട്ടെന്ന് മൂന്നംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഒരാൾ ചവിട്ടി നിലത്തിടുകയും തുടർന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറിൽ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
ഏച്ചിക്കാനം സ്റ്റോക് യാർഡിലെ 2.50 ലക്ഷം രൂപയും വെള്ളരിക്കുണ്ട് യാർഡിലെ 7.70 ലക്ഷം രൂപയുമടക്കം 10.20 ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് രവീന്ദ്രൻ കംപനി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം കോഴിക്കോട് സ്വദേശിക്ക് വാടകയ്ക്ക് നൽകിയതാണെന്ന് വ്യക്തമായി. ജിപിഎസ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വാഹനം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തി. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികൾ ട്രെയിനിൽ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. അടിയന്തരമായി ഇടപെട്ട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം കർണാടക പൊലീസിന്റെ സഹായത്തോടെ മംഗ്ളുറു റെയിൽവേ സ്റ്റേഷനിൽ വെച്ച് മൂന്ന് പ്രതികളെയും
കർണാടക പൊലീസ് പിടികൂടി. പ്രതികളെ ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയായ നാലാമത്തെ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായകമായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാര്‍, എസ്ഐമാരായ അഖില്‍, ശാര്‍ങ്ഗധരന്‍, ജോജോ, പൊലീസുകാരായ ഷൈജു മോഹന്‍, സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Four people were arrested in Kanhangad for robbing 10.20 lakh rupees from a crusher manager at gunpoint. The accused are migrant workers from Bihar and Assam.
#Robbery, #Arrest, #Kanhangad, #Crime, #Police, #Kasargod