Missing | വീടുവിട്ടിറങ്ങുന്ന യുവതികളുടെ എണ്ണം കൂടുന്നു; കാസർകോട്ട് 3 ദിവസത്തിനിടെ 4 കേസുകൾ
● ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാലതി (30), അഞ്ച് വയസുള്ള മകൻ എന്നിവരെ ജനുവരി ഏഴിനാണ് കാണാതായത്.
● മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്രീന (19)യെ ജനുവരി ആറിന് രാത്രി എട്ടുമണിയോടെയാണ് കാണാതായത്.
● സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കാസർകോട്: (KasargodVartha) ജില്ലയിൽ വീടുവിട്ടിറങ്ങുന്ന യുവതികളുടെ എണ്ണം കൂടുന്നു. മൂന്ന് ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി നാല് സ്ത്രീകളെയാണ് കാണാതായത്. ഒരു യുവതി കുട്ടിയെയും കൊണ്ടാണ് വീടുവിട്ടിറങ്ങിയത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാലതി (30), അഞ്ച് വയസുള്ള മകൻ എന്നിവരെ ജനുവരി ഏഴിനാണ് കാണാതായത്. രാവിലെ 10 മണിയോട് കൂടി ബദിയടുക്ക ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞു വീട് വിട്ടിറങ്ങിയ യുവതി പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹൈല (25) ബുധനാഴ്ച 10.30 മണിയോടെ ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായും പിന്നീട് തിരിച്ചുവന്നില്ലെന്നുമാണ് കേസ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ റാഹിദ (19) എന്ന യുവതി ബുധനാഴ്ച ഉച്ചയ്ക് 12 മണിയോടെ ബ്യൂടിപാർലറിൽ പോകുന്നുവെന്ന് എന്ന് പറഞ്ഞ് പോയതിന് ശേഷം തിരികെ വന്നിട്ടില്ലെന്നും ബെംഗ്ളൂറിലുള്ള സുഹൃത്ത് ആനന്ദിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നും മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്രീന (19)യെ ജനുവരി ആറിന് രാത്രി എട്ടുമണിയോടെയാണ് കാണാതായത്. മഞ്ചേശ്വരം കുണ്ടുകൊളക്കെയില്‍ നടക്കുന്ന ബീച് ഫെസ്റ്റിവല്‍ കാണാന്‍ പോയ സമയത്ത് ഏതോ ഒരു ബൈകിൽ കയറിപ്പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നും മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. യുവതികളെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
#MissingWomen #KasargodNews #PoliceInvestigation #CyberCell #WomenSafety #Kasargod