Scam | വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ് വഴി മുൻ കൃഷി വകുപ്പ് ഓഫീസർക്ക് നഷ്ടമായത് 43 ലക്ഷം രൂപ; സൈബർ പൊലീസ് കേസടുത്ത് അന്വേഷണം ഊർജിതമാക്കി
● 73 ആസ്‌ക് എലൈറ്റ് വെൽത്ത് ട്രേഡിംഗ് കമ്പനി എന്ന വ്യാജ ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്.
● വാട്സ്ആപ്പ് ചാറ്റിലൂടെയും കോളുകളിലൂടെയുമാണ് തട്ടിപ്പ് നടത്തിയത്.
● നിക്ഷേപിച്ച പണം പിൻവലിക്കാൻ കഴിയാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
കാസർകോട്: (KasargodVartha) വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ് വഴി മുൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥന് 43 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. കാസർകോടിന് സമീപത്തുള്ള മുൻ കൃഷി വകുപ്പ് ഓഫീസറാണ് ഈ തട്ടിപ്പിന് ഇരയായത്.
നാല് മാസം മുൻപാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. 2025 ഫെബ്രുവരി 22 മുതൽ മാർച്ച് 21 വരെയുള്ള കാലയളവിൽ പലതവണ '73 ആസ്ക് എലൈറ്റ് വെത്ത് ട്രേഡിംഗ്' കമ്പനിയെന്ന വ്യാജ ആപ്പ് ലാപ്ടോപിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് വൻ ലാഭവിഹിതം കിട്ടുമെന്ന് പ്രലോഭിപ്പിച്ച ശേഷം പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്.
തുടർന്ന് ആപ് വഴി അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ട്രേഡിംഗ് നടത്തിയ ശേഷം 43 ലക്ഷം രൂപ പല ഘട്ടങ്ങളിലായി നിക്ഷേപം നടത്തി. അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ വലിയ തുക ലാഭമായി കാണിച്ചിരുന്നു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്ന് അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു.
മുതലും ലാഭവിഹിതവും നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തട്ടിപ്പുകാർ വാട്സ്ആപ് ചാറ്റുകളും കോളുകളും മാത്രമാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചത്. ഇദ്ദേഹം പണം നിക്ഷേപിച്ച ബാങ്ക് അകൗണ്ടുകളുടെ വിവരങ്ങൾ സൈബർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഈ വാർത്തയെ കുറിച്ച് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
A retired agriculture officer from Kasaragod lost 43 lakhs in a fake online trading app scam. Cyber police have registered a case and started an investigation.
#OnlineScam #CyberCrime #FakeApp #Kasaragod #Fraud #Investigation