Booked | പെട്ട് മോനേ.. കുമ്പള ബംബ്രാണ സ്‌കൂൾ മൈതാനത്ത് സംഭവിച്ചത്!
● ആഡംബര കാറുകളിൽ റേസ്
● സ്‌കൂൾ അധികൃതരുടെ പരാതിയിൽ നടപടി
● ദൃശ്യങ്ങൾ പുറത്തുവന്നു
കുമ്പള: (KasargodVartha) കുട്ടികൾ ഒരു ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെ ബംബ്രാണ ഗവ. ഹൈസ്‌കൂൾ മൈതാനത്ത് ആഡംബര കാറിലെത്തിയ കൗമാരക്കാരനും മറ്റൊരു യുവാവും അപകടം ഉണ്ടാക്കും വിധം കാർ റേസിംഗ് നടത്തിയതിനെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ മൈതാനത്ത് അരമണിക്കൂറോളം 'ഷോ' നടത്തിയ ശേഷമാണ് കൗമാരക്കാരനും സുഹൃത്തും തിരിച്ചു പോയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. എം എച് 16 എടി 4117, കെഎൽ 14 ഡബ്ള്യു 6688 എന്നീ കാറുകൾകൊണ്ട് നടത്തിയ സാഹസിക പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ സ്കൂൾ അധികൃതർ അവർ അറിയാതെ ചിത്രീകരിച്ച് തെളിവ് സഹിതം കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ നടത്തിയ അന്വേഷണത്തിൽ രണ്ട് കാറുകളും കൗമാരക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിലെടുത്തു.
രണ്ട് പേർക്കെതിരെയും സ്കൂളിൽ അതിക്രമിച്ച് കയറി മൈതാനത്ത് അപകടമുണ്ടാക്കും വിധം കാർ ഓടിച്ചതിന് കേസെടുത്തു. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കാറുകൾ കോടതിയിൽ ഹാജരാക്കുമെന്ന് കുമ്പള ഇൻസ്പെക്ടർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
കാർ ഓടിച്ചവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കാർ ഓടിക്കാൻ നൽകിയ രക്ഷിതാവിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഉപ്പള ബേക്കൂർ സ്കൂളിലും സമാനമായ സംഭവം നടന്നിരുന്നു. സ്‌കൂൾ അധികൃതരുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
#Kumbla #Kerala #carrace #schoolsafety #police #recklessdriving