Investigation | നടി റന്യ റാവുവിന്റെ സ്വർണക്കടത്ത് കേസ്; വളർത്തച്ഛനായ ഡിജിപിക്ക് നിർബന്ധിത അവധി
● ഡിജിപി കെ. രാമചന്ദ്ര റാവുവിനെതിരെ മുമ്പും കേസുകൾ നിലവിലുണ്ട്.
● 27 തവണ റന്യ റാവു ബെംഗളുരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
● 12.56 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.
ബെംഗ്ളുറു: (KasargodVartha) സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായി സെൻട്രൽ ജയിലിൽ കഴിയുന്ന കന്നട നടി റന്യ റാവുവിന്റെ വളർത്തച്ഛനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. റാവുവിന് ഈ കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശിപാർശയെ തുടർന്നാണ് ഈ നടപടി.
നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് രാമചന്ദ്ര റാവു. അദ്ദേഹത്തിന് പകരം 1997 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനും റിക്രൂട്ട്‌മെന്റ് വിഭാഗം എഡിജിപിയുമായ കെ.വി ശരത് ചന്ദ്രക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. 1993 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവു അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാൻ സാധ്യതയുണ്ടായിരുന്ന വ്യക്തിയാണ്.
റന്യ റാവു തന്റെ വളർത്തച്ഛനായ ഡിജിപി കെ രാമചന്ദ്ര റാവുവിന് വിമാനത്താവളത്തിൽ ലഭിക്കുന്ന പൊലീസ് പ്രോട്ടോക്കോൾ സൗകര്യം ദുരുപയോഗം ചെയ്താണ് സ്വർണം കടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. നടി 27 തവണ ബെംഗ്ളുറു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ പൊലീസ് അകമ്പടിയോടെ താമസസ്ഥലത്തേക്ക് പോയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് കോടികളുടെ സ്വർണം കടത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പറയുന്നത്.
രാമചന്ദ്ര റാവു മുമ്പും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹം മൈസൂരു ഐജിയായിരിക്കെ ഒരു മലയാളി വ്യവസായിയുടെ കണക്കിൽപ്പെടാത്ത രണ്ടു കോടി രൂപ പിടികൂടുകയും അത് 20 ലക്ഷമാണെന്ന് തെറ്റായി പറയുകയും ചെയ്ത കേസിൽ അദ്ദേഹം പ്രതിയായിരുന്നു. കൂടാതെ, വ്യാജ ഏറ്റുമുട്ടലിൽ രണ്ടു ഗുണ്ടകളെ കൊലപ്പെടുത്തിയെന്ന കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. നേരത്തെ ബെംഗ്ളുറു കോടതി റന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2025 ജനുവരി മുതൽ 27 തവണ ദുബൈ സന്ദർശിച്ചതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നതുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
മാർച്ച് മൂന്നിനാണ് ബെംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ റന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് അധികൃതർക്ക് സ്വർണം സംബന്ധിച്ച് വിവരങ്ങൾ നൽകാതെ നടി ഗ്രീൻ ചാനലിലൂടെ പൊലീസ് അകമ്പടിയോടെ പുറത്തേക്ക് പോകുകയായിരുന്നു. അറസ്റ്റിലായ ഉടൻ തന്നെ രാമചന്ദ്ര റാവു മകളുമായി യാതൊരു ബന്ധവുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2024 നവംബറിൽ ഒരു ആർക്കിടെക്റ്റുമായി വിവാഹം കഴിഞ്ഞതിന് ശേഷം മകൾ കുടുംബവുമായി അകന്നു കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റന്യ റാവുവിന്റെ അടുത്ത സഹായിയും തെലുങ്ക് സിനിമാ നടനുമായ തരുൺ കൊണ്ടൂരു രാജു എന്ന വിരാട് കൊണ്ടൂരുവിനെയും ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബൈയിൽ നിന്ന് സ്വർണം ഇന്ത്യയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സൂചന. ഡിആർഐക്ക് പുറമെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ദുബൈയിൽ നിന്ന് സ്വർണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടം കണ്ടെത്താനും ഇന്ത്യയിൽ ഇത് എങ്ങനെ വിതരണം ചെയ്തുവെന്നും അന്വേഷിക്കാൻ കള്ളപ്പണം വെളുപ്പിക്കൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ മൂന്ന് കേന്ദ്ര ഏജൻസികളും ചേർന്ന് റന്യ റാവു, ഭർത്താവ്, രാജു, ബംഗളൂരുവിൽ സ്വർണം വാങ്ങുന്ന ഒരു ബിസിനസ്സുകാരൻ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മാർച്ച് 13 ന് പരിശോധന നടത്തിയിരുന്നു. അതേസമയം, അറസ്റ്റിലായതിന് ശേഷം റന്യ റാവു ഡിആർഐ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 'തന്നെ മർദിക്കുകയും 10-15 തവണ വരെ മുഖത്തടിക്കുകയും ചെയ്തു. ദുബായിൽ നിന്ന് 14 കിലോയിലധികം സ്വർണം കടത്തിയെന്ന് സമ്മതിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ തയ്യാറാക്കിയ മൊഴിയിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചപ്പോൾ പിതാവിൻ്റെ പേര് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി', റന്യ ആരോപിച്ചു. നിലവിൽ റന്യ റാവുവിനെ 15 ദിവസത്തേക്ക് ബെംഗ്ളുറു സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
The Karnataka government has ordered DGP K. Ramachandra Rao, the foster father of actress Ranya Rao, who was arrested in a gold smuggling case, to go on compulsory leave. This action was taken based on the recommendation of Additional Chief Secretary Gaurav Gupta, who was appointed by the government to investigate Rao's involvement in the case.
#GoldSmuggling #RanyaRao #KarnatakaPolice #Corruption #Investigation #Bengaluru