Controversy | മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും ബ്ലോക് പഞ്ചായത് പ്രസിഡണ്ട് കെ മണികണ്ഠനും അടക്കമുള്ള 4 പ്രതികള്‍ പുറത്തിറങ്ങിയത് കോടതി ശിക്ഷിച്ച പിഴ തുക കെട്ടിവെച്ചശേഷം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
● രാജ്മോഹൻ ഉണ്ണിത്താൻ പെരിയ ഇരട്ടക്കൊലക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു
● സിബിഐ അന്വേഷണത്തിൽ പല കാര്യങ്ങളും ഒളിച്ചുവെച്ചതായി ആരോപണം
● കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ സ്വീകരിച്ചത് വിവാദമായി
കാസര്‍കോട്: (KasargodVartha) പെരിയ ഇരട്ടക്കൊല കേസില്‍ പുനരന്വേഷണം വേണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട് സിബിഐ പലതും അന്വേഷിച്ചില്ല. കൊലയില്‍ ഉന്നതരായവര്‍ക്കുള്ള പങ്കും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കൊലയില്‍ ഉന്നതര്‍ക്കുള്ള പങ്കാണ് പി ജയരാജന്റെ ജയില്‍ സന്ദര്‍ശനത്തോടെ മറനീക്കി പുറത്തുവരാന്‍ കാരണമായത്. പാര്‍ടി പ്രതികള്‍ക്കൊപ്പമാണെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണ്. സിബിഐ കോടതി വെറുതെ വിട്ട 10 പേരെ കൂടാതെ പ്രതിഭാഗം പറഞ്ഞ മറ്റു നാലുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
സിബിഐ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനായുള്ള ഹൈകോടതിയിലെ വാദത്തിനിടെ നാലുപേര്‍ കുറ്റക്കാരല്ല, പുറത്തുള്ള മറ്റു നാലുപേരാണ് കുറ്റക്കാരെന്നും പ്രതിഭാഗത്തിന്റെ വക്കീലായ അഡ്വ. സി കെ ശ്രീധരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഈ നാലുപേരുടെ കാര്യം സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും അവര്‍ പ്രതിപ്പട്ടികയില്‍ വന്നിരുന്നില്ല. പ്രതികളെ കുറ്റവിമുക്തരാക്കിയെന്ന് പറഞ്ഞ് കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമനടക്കമുള്ള നാലുപേരെ നാടുനീളെ സ്വീകരണം നല്‍കുന്നത് കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇരട്ടക്കൊലയില്‍ അഞ്ചു വര്‍ഷം ശിക്ഷിക്കപ്പെട്ട നാല് പ്രതികള്‍ക്കും പതിനായിരം രൂപ വീതം പിഴ അടക്കാനും കോടതി വിധിച്ചിരുന്നു. ആ പിഴ തുകയായ 10,000 രൂപയും, ജാമ്യ തുകയായ 50,000 രൂപ വീതവും കോടതിയില്‍ കെട്ടിവെച്ചാണ് നേതാക്കളായ നാലുപേരും ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയത്.
അല്ലാതെ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. കുറ്റവിമുക്തരായി എന്ന മട്ടിലാണ് ഇവരെ കണ്ണൂര്‍ മുതല്‍ ഉദുമവരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചത്.
ഏതൊരു കേസിലും എന്ന പോലെ അപീല്‍ വാദം നടക്കുന്നതിനാലാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 2018 മുതലുള്ള അപീല്‍ ഹൈകോടതിയില്‍ നിലവിലുണ്ട്. ഏഴ് വര്‍ഷം കഴിഞ്ഞ് ഇവരുടെ അപീല്‍ പരിഗണിച്ചാല്‍ ഏതെങ്കിലും രീതിയിലുള്ള ഇളവിന് സാധ്യത ഉണ്ടായേക്കാമെന്ന് കരുതി പ്രത്യേക കേസായി കണ്ടാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
അല്ലാതെ സിപിഎമ്മും പ്രതികളും പ്രചരിപ്പിക്കുന്നത് പോലെ കുറ്റവിമുക്തരാക്കിയത് കൊണ്ടല്ല. കോടതിയുടെ സ്വാഭാവികമായ നടപടിയുടെ ഭാഗമായാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും കുറ്റവാളികള്‍ തന്നെയാണ്. വെറുതെ വിട്ടവര്‍ അടക്കമുള്ളവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
#periyadoublemurder #kerala #reinvestigation #rajmohanunnithan #cpm #politicalcontroversy