Caught | 'കാസർകോട് സബ് ജയിലിൽ നിന്ന് പാലക്കാട്ടെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി; പൊലീസും പിറകെ ചാടി പിടികൂടി'
● ഷൊർണൂരിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി
● വഞ്ചന കേസിൽ അറസ്റ്റിലായ പ്രതിയാണ്
● പലയിടത്തും വഞ്ചന കേസുകൾ നിലവിലുണ്ട്
ഷൊർണൂർ: (KasargodVartha) കാസർകോട് സബ് ജയിലിൽ നിന്നും പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ കൊണ്ടുപോയ പ്രതി ഷൊർണൂരിൽ എത്തിയപ്പോൾ ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ അനീഷ് (38) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
കുമ്പള പൊലീസ് വിശ്വാസ വഞ്ചന കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന അനീഷ് കാസർകോട് സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. രണ്ട് പൊലീസുകരാണ് പ്രതിക്കൊപ്പം ട്രെയിനിൽ സുരക്ഷാ ചുമതലയ്ക്ക് ഉണ്ടായിരുന്നത്. ട്രെയിൻ ഷൊർണൂർ പുഴയോരത്ത് എത്തിയപ്പോൾ വേഗത കുറഞ്ഞ സമയത്താണ് അനീഷ് പുഴയിലേക്ക് ചാടിയതെന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാരും പിറകെ ചാടി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ചാടുന്നതിനിടെ പരുക്കേറ്റ അനീഷിനെ ഷൊർണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് സൂചന. അനീഷിനെതിരെ പലയിടത്തും വഞ്ചന കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
#KeralaNews #CrimeNews #PrisonEscape #TrainAccident #Shornur