Arrest | എഡിഎമ്മിന്റെ മരണം: പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; പൊലീസ് വാഹനം തടഞ്ഞ് കെ എസ് യു പ്രവർത്തകർ
● പി.പി ദിവ്യയെ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു.
● തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
● ദിവ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
കണ്ണൂർ: (KasargodVartha) മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ, കണ്ണൂർ അസി. പൊലീസ് കമ്മിഷണർ ടി.കെ രത്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്വന്തം വീടായ ഇരിണാവിന് അടുത്തുള്ള പ്രദേശത്തുനിന്നും പി.പി ദിവ്യ പൊലീസിൽ കീഴടങ്ങിയത്. ഇതിനു ശേഷം ഇവരെ വൻ സുരക്ഷാക്രമീകരണങ്ങളോടെ പൊലീസ് വാഹനവ്യൂഹത്തിലാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ഇതിനിടെയിൽ കണ്ണൂർ തളാപ്പ് റോഡിൽ നിന്നും കെ.എസ്.യു പ്രവർത്തകർ വാഹന വ്യൂഹത്തിനു നേരെ മുദ്രാവാക്യങ്ങളുമായി ചാടിവീണിരുന്നു. കൊടികളുയർത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഗണിച്ചു കൊണ്ടു വാഹനവ്യൂഹം അതിവേഗം കടന്നു പോവുകയായിരുന്നു.
ഇതിനു ശേഷം ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്ന പൊലീസ് ജീപ്പിന് മുൻപിലേക്കും മുദ്രാവാക്യം വിളിച്ച് കെ.എസ്.യു പ്രവർത്തകർ ചാടി വീണു. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയതിനു ശേഷമാണ് പൊലീസ് വാഹനം ജില്ലാ ആശുപത്രിയിലേക്ക് പോയത്. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിലാണ് ദിവ്യയെ ഹാജരാക്കുക. നേരത്തെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും തളിപ്പറമ്പ് കോടതിയിലായിരുന്നു.
#PPDivya #Kannur #Arrest #ADM #Kerala #KSU #BreakingNews