Suspended | ഉഡുപ്പിയിൽ പൊലീസ് കസ്റ്റഡിയിൽ മലയാളിയുടെ മരണം: എഎസ്ഐ അടക്കം 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
● കൊല്ലം സ്വദേശി ബിജു മോഹൻ ആണ് മരിച്ചത്
● സ്ത്രീയെ അപമാനിച്ചു എന്ന പരാതിയിൽ പിടികൂടിയിരുന്നു
● പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തത്
ഉഡുപ്പി: (KasargodVartha) ബ്രഹ്മാവർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മലയാളി യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൊല്ലം സ്വദേശി ബിജു മോഹന്റെ (45) മരണവുമായി ബന്ധപ്പെട്ട് എഎസ്ഐ ബി ഇ മധു, വനിതാ ഹെഡ് കോൺസ്റ്റബിൾ എ സുജാത എന്നിവരെയാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ സസ്പെൻഡ് ചെയ്തത്.
ചേർകാഡിയിൽ വച്ച് അപരിചിതയായ ഒരു സ്ത്രീയെ അപമാനിച്ചു എന്ന പരാതിയിൽ ബിജു മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ത്രീയുടെയും സഹോദരൻ്റെയും പരാതിയെ തുടർന്ന് നവംബർ ഒമ്പതിന് രാത്രിയാണ് ബിഎൻഎസ് 75(1)(1)(ii), 75(2), 329(4) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാൽ പിറ്റേന്ന് പുലർച്ചെ സ്റ്റേഷനിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസുകാർ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സുപ്രീം കോടതിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രതികളെ പിടികൂടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർണമായും പാലിക്കുന്നതിൽ പൊലീസുകാർ പരാജയപ്പെട്ടതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിഐഡി പൊലീസ് സൂപ്രണ്ടും ബെംഗ്ളൂറിൽ നിന്നുള്ള ഒരു സംഘവും അന്വേഷണം തുടരുകയാണ്. മരിച്ച ബിജുവിൻ്റെ മൃതദേഹം തിങ്കളാഴ്ച മണിപ്പാൽ കെഎംസി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജു.
#UdupiCustodialDeath #JusticeForBiju #PoliceBrutality #IndiaNews #KeralaNews