Raid | സച്ചിത റൈയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി; 'എല്ലാ രേഖകളും മാറ്റിയതായി കണ്ടെത്തി'
● സച്ചിത റൈ ഡിവൈഎഫ്‌ഐ മുൻ നേതാവാണ്.
● ഇവർ ഒളിവിലാണെന്നാണ് സൂചന.
● കേസിൽ കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ട്.
കുമ്പള: (KasargodVartha) സിപിസിആർഐ, എസ്ബിഐ, കേന്ദ്രീയ വിദ്യാലയം, കർണാടകയിലെ എക്സൈസ് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്ഐ നേതാവും പുത്തിഗെ ബാഡൂർ സ്‌കൂളിലെ അധ്യാപികയുമായ സച്ചിത റൈയുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ കുമ്പള പൊലീസ് റെയ്‌ഡ് നടത്തി.
എന്നാൽ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. നേരത്തെ തന്നെ മുഴുവൻ രേഖകളും വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോയതായാണ് പൊലീസ് സംശയിക്കുന്നത്. സച്ചിത റൈ കോഴിക്കോട്ട് ഭർത്താവിന്റെ കൂടെയായിരുന്നുവെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ സച്ചിത റൈ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. യുവതിയുടെ ബാങ്ക് അകൗണ്ട് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പൊലീസ് ശേഖരിക്കും. അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. ബദിയഡുക്കയിലെ ഒരു അധ്യാപിക സ്വന്തം മകൾക്കും ബന്ധുക്കളായ മറ്റ് പെൺകുട്ടികൾക്കും വേണ്ടി സച്ചിത റൈക്ക് 50 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പണം നൽകിയതിന്റെ രേഖകളുമായി ബദിയഡുക്ക പൊലീസിൽ പരാതി നൽകുമെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സച്ചിത റൈയുടെ തട്ടിപ്പ് പുറത്ത് അറിഞ്ഞതിനെക്കാളും കൂടുതലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബാങ്ക് ഇടപാടിലൂടെ പണം നൽകിയവരുടെ കേസുകൾ മാത്രമാണ് പൊലീസ് രജിസ്റ്റർ ചെയ്യുന്നത്. നേരിട്ട് പണം നൽകിയ മറ്റുചിലർ പൊലീസിനെ പരാതിയുമായി സമീപിച്ചിട്ടുണ്ടെങ്കിലും പണം നൽകിയതിന് തെളിവില്ലാത്തതിനാൽ ഇവരുടെ പരാതി രജിസ്റ്റർ ചെയ്തില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
നേരിട്ട് പണം നൽകിയവർ പൊലീസിൽ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സച്ചിതാ റൈ 50 ലധികം പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. പണം വാങ്ങി ഇവർ ആർക്കെങ്കിലും ജോലി ശരിയാക്കി കൊടുത്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സച്ചിത റൈയുടെ ഒളിത്താവളം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ യിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് നീട്ടിക്കൊണ്ട് പോകാനാണ് പൊലീസ് തയ്യാറാവുകയെന്നും വിവരമുണ്ട്.
#SachithaRai #DYFI #Kerala #Fraud #Police #Investigation