Police | പൊലീസ് പീഡനം: ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കാൻ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; കുടകിലെ സുരേഷിന്റെ ദുരനുഭവം
● ഭാര്യയെ കണ്ടെത്താൻ പോലീസിനെ സമീപിച്ചതിന് സുരേഷിന് പീഡനം.
● ചെയ്യാത്ത കുറ്റത്തിന് സമ്മതിക്കാൻ പൊലീസ് തലകീഴായി കെട്ടിത്തൂക്കി.
● അഭിഭാഷകൻ്റെ സഹായത്തോടെയാണ് സുരേഷ് പുറത്തിറങ്ങിയത്.
● പൊലീസ് നടപടിയിൽ വീഴ്ച സംഭവിച്ചതായി അഭിഭാഷകൻ പറയുന്നു.
മംഗളൂരു: (KasargodVartha) ‘പൊലീസ് എന്ന് കേൾക്കുമ്പോഴേ പേടിയാവുന്നു’ - കുടക് കുശാൽ നഗർ ബസവനഹള്ളിയിലെ ജെ.സുരേഷ് പറയുന്നു. ഭാര്യ മല്ലിയെ താൻ കൊലപ്പെടുത്തി എന്ന മൊഴിക്ക് വേണ്ടിയുള്ള പൊലീസിന്റെ ക്രൂര പീഡനം അദ്ദേഹത്തിന്റെ മനസ്സിനെ ഇപ്പോഴും വേട്ടയാടുന്നു.
‘പൊലീസ് എന്നെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിക്കാൻ നിർബന്ധിച്ചു’ - 2020 ൽ കുശാൽനഗറിലെ ബസവനഹള്ളിയിൽ നിന്ന് കാണാതാവുകയും അഞ്ച് വർഷത്തിന് ശേഷം ഈ മാസം ഒന്നിന് കാമുകൻ ഗണേഷിനൊപ്പം കണ്ടെത്തുകയും ചെയ്ത മല്ലിയുടെ ഭർത്താവാണ് സുരേഷ്. ഭാര്യയെ കണ്ടെത്താൻ സഹായം തേടി പൊലീസിനെ സമീപിച്ച താൻ നേരിട്ടത് ഇനിയാർക്കും സംഭവിക്കരുതേ എന്ന് പ്രാർഥിച്ചു പോവുന്ന പീഡനം.
'മരിച്ചുപോയ' ഭാര്യയെ ജീവനോടെ കണ്ടെത്തിയെങ്കിലും മുഴുവൻ അന്വേഷണവും അട്ടിമറിച്ചതിന് കുഴപ്പത്തിലായേക്കാവുന്ന പൊലീസ് ഉദ്യോഗസ്ഥർ പിന്നാലെ വരുമെന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ് പറയുന്നു. സംരക്ഷണം തേടി കോടതിയിൽ ഹരജി സമർപ്പിക്കാൻ അദ്ദേഹം ആലോചിക്കുന്നു.
ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി ബെട്ടടപുര പൊലീസ് അറസ്റ്റ് ചെയ്ത തന്നെ വസ്ത്രം ഉരിച്ച് തലകീഴായി കെട്ടി മുകളിലേക്ക് ഉയർത്തിയ ശേഷം കഠിനമായി മർദ്ദിച്ചു. ചെയ്യാത്ത കുറ്റം സമ്മതിക്കാൻ അവർ വൈദ്യുതാഘാതവും ഏല്പിച്ചു. കെ.ആർ. നഗർ ജയിലിലാണ് ഒരു കുറ്റവും ചെയ്യാത്ത താൻ വിചാരണ തടവുകാരനായി കഴിഞ്ഞത്. തടവുകാർക്ക് ഭക്ഷണം പാകം ചെയ്യുന്ന ജോലിയായിരുന്നു തനിക്ക്. വിധിയെ ശപിച്ച് മാസങ്ങളോളം ജയിലിൽ ഒറ്റക്കിരുന്നു വിങ്ങിപ്പൊട്ടിയ നാളുകൾ.
‘പൊലീസ് സഹായം തേടി എത്തുന്ന ഒരാൾ അറസ്റ്റിലാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്താൽ ആരെ വിശ്വസിക്കണം? നീതിക്കായി എവിടേക്ക് പോകണം’ - സുരേഷ് മാധ്യമപ്രവർത്തകരോട് ആരാഞ്ഞു. പൊലീസിൽ നിന്ന് സഹായം തേടിയതിന് തനിക്ക് രണ്ട് വർഷം ജയിലിൽ കിടക്കേണ്ടി വന്നു. പൊലീസ് സത്യസന്ധമായി പ്രവർത്തിച്ചില്ലെങ്കിൽ നിരപരാധികൾക്ക് എങ്ങനെ നീതി ലഭിക്കും? ഇതേ വിധി ആളുകൾക്ക് സംഭവിക്കുന്നത് തടയാൻ ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണം - എന്ന് സുരേഷ് ഹൃദയം നുറുങ്ങി അഭ്യർഥിച്ചു.
സുരേഷ് ജയിലിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾ - മകൻ ജെ.എസ്. കൃഷ്ണയും മകൾ ജെ.എസ്. കീർത്തിയും - പ്രായപൂർത്തിയാകാത്തവരായിരുന്നു. തുടക്കത്തിൽ രണ്ട് കുട്ടികളും വിശ്വസിച്ചത് അവരുടെ അച്ഛൻ അമ്മയെ കൊന്നതാണെന്നാണ്.
ജയിലിലായിരുന്നപ്പോൾ ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ വിളിക്കാൻ അനുവാദമുണ്ടായിരുന്നു. മകൻ തനിക്ക് എങ്ങനെ അവന്റെ അമ്മയെ കൊല്ലാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയി. ‘താൻ നിരപരാധിയാണെന്നും അവന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മാത്രമാണ് ഞാൻ അവനോട് പറഞ്ഞത്. ആരെയും വിശ്വസിക്കരുതെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിരപരാധിത്വം തെളിയിക്കുമെന്നും ഞാൻ അവനെ അറിയിച്ചു’ - സുരേഷ് പറഞ്ഞു. ഇളയ സഹോദരി കീർത്തിക്ക് (15) പഠനം തുടരാൻ വേണ്ടി ഇപ്പോൾ 18 വയസ്സുള്ള മകൻ കൃഷ്ണൻ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
സുരേഷ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം തന്റെ സുഹൃത്തിന്റെ സഹായത്തോടെ മല്ലിയെ തിരയുന്നത് തുടർന്നു. അവൾ സ്വമേധയാ വീട് വിട്ട് മൈസൂരുവിലോ കുടകിലോ താമസിക്കുന്നുണ്ടെന്ന് വിശ്വസിച്ചതിനാൽ അവളെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു. മല്ലിഗെ വിരാജ്പേട്ട സമീപം മറ്റൊരാളോടൊപ്പം താമസിക്കുന്നുണ്ടെന്ന് ഇടക്കിടെ തനിക്ക് വിവരം ലഭിക്കുമായിരുന്നു. പക്ഷേ, അവളുടെ സ്ഥലത്തെക്കുറിച്ച് ഒരിക്കലും ശരിയായ വിവരം ലഭിച്ചില്ല. ഈ മാസം ഒന്നിന് വിധി പോലെ തന്റെ സുഹൃത്തുക്കൾ അവളെ ഒരു പുരുഷനോടൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ കണ്ടതായി അറിയിച്ച് ഉടനെ തന്നെ വിളിച്ചു. മൈസൂരുവിലുള്ള തന്റെ അഭിഭാഷകൻ പാണ്ടു പൂജാരിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മടിക്കേരി ടൗൺ പൊലീസിൽ വിവരം നൽകി.
സുരേഷിന് രക്ഷകനായി അഭിഭാഷകൻ പൂജാരി
മംഗളൂരു: ഭാര്യ മല്ലിയെ കൊലപ്പെടുത്തിയതിന് കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞ സുരേഷിന്റെ പിതാവ് ഗാന്ധി അഡ്വ. പാണ്ഡു പൂജാരിയെ സമീപിച്ചു. സുരേഷിന്റെ നിരപരാധിത്വം അഭിഭാഷകനെ ബോധ്യപ്പെടുത്തുകയും കേസ് ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതോടെ അഭിഭാഷകൻ പൂജാരി സുരേഷിനെ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറക്കി. ഇനി, കോടതിയിൽ സുരേഷിന്റെ നിരപരാധിത്വം തെളിയിക്കുക എന്നതായിരുന്നു വെല്ലുവിളി.
‘മല്ലിയെ കണ്ടെത്തുമെന്ന് സുരേഷ് വളരെ ആത്മവിശ്വാസത്തിലായിരുന്നു. താൻ അദ്ദേഹത്തോടൊപ്പം നിന്നു. എന്ത് വില കൊടുത്തും അവളെ കണ്ടെത്തണമെന്ന് പറഞ്ഞു. ഭാഗ്യവശാൽ ഏപ്രിൽ ഒന്നിന് മടിക്കേരിയിൽ വെച്ച് അവളെ മറ്റൊരാളോടൊപ്പം കണ്ടെത്തി. സുരേഷ് വിവരമറിയിച്ചയുടനെ മടിക്കേരി ടൗൺ പൊലീസിൽ അറിയിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവർ അവളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മടിക്കേരി പൊലീസ് അതേ ദിവസം രാത്രി 10 മണിക്ക് മല്ലിയെ കുശാൽനഗർ റൂറൽ പൊലീസിന് കൈമാറി. അവിടെ നിന്ന് ബൈലകുപ്പെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൊലീസിന്റെ ഭാഗത്തു നിന്ന് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി സംശയം തോന്നിയ അഡ്വ. പൂജാരി പിറ്റേന്ന് രാവിലെ മല്ലി കസ്റ്റഡിയിലാണെന്ന് ഉറപ്പാക്കാൻ ബെട്ടടപുര, ബൈലകുപ്പെ പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ചു. എന്നാൽ കുശാൽനഗർ പൊലീസ് മല്ലിയെയോ മറ്റേതെങ്കിലും സ്ത്രീയെയോ അവർക്ക് കൈമാറിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി.
മറ്റു മാർഗങ്ങളൊന്നുമില്ലാതെ താൻ കുടക് എസ്പി കെ. രാമരാജനെ ബന്ധപ്പെട്ടു. കുശാൽനഗർ റൂറൽ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്തിരുന്ന കാണാതായ കേസ് വീണ്ടും തുറക്കുമെന്നും മല്ലിയെ കോടതിയിൽ ഹാജരാക്കുമെന്ന് ഉറപ്പുനൽകുമെന്നും അദ്ദേഹം പറഞ്ഞു. എസ്പിയുടെ ഉറപ്പ് ഉണ്ടായിരുന്നിട്ടും പൂജാരിക്ക് വിശ്വാസമായില്ല. കാരണം സമയം ഉച്ചകഴിഞ്ഞിരുന്നു. മല്ലിയെ മൈസൂരുവിലെ കോടതിയിൽ ഹാജരാക്കാനുള്ള സാധ്യത മങ്ങി. ഉടൻ തന്നെ അദ്ദേഹം മൈസൂരുവിലെ മുതിർന്ന അഭിഭാഷകൻ ബി ജി രാഘവേന്ദ്രയെ വിളിച്ച് മല്ലിയെ കുറിച്ച് അറിയിച്ചുകൊണ്ട് അഡീ. ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ അപേക്ഷ സമർപ്പിച്ചു. കേസ് കേട്ട ജഡ്ജി, മല്ലിയെ ഉടൻ കോടതിയിൽ ഹാജരാക്കാൻ ബെട്ടടപുര പോലീസിനോട് ഉത്തരവിട്ടു.
കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബെട്ടടപുര പൊലീസ് വൈകുന്നേരം ആറ് മണിക്ക് മല്ലിയെ തുറന്ന കോടതിയിൽ ഹാജരാക്കി. കോടതിയിൽ എത്തിയപ്പോൾ ജഡ്ജി ആദ്യം ആവശ്യപ്പെട്ടത് സ്വയം തിരിച്ചറിയുക എന്നതായിരുന്നു. അവളുടെ മറുപടി 'മല്ലിഗെ' എന്നായിരുന്നു. പിന്നീട്, അവൾ തന്റെ അമ്മയെയും ഭർത്താവിനെയും മരുമക്കളുടെ ബന്ധുക്കളെയും രണ്ട് കുട്ടികളെയും തിരിച്ചറിഞ്ഞുവെന്ന് അഡ്വ. പൂജാരി പറഞ്ഞു.
‘ഭർത്താവ് സുരേഷിന്റെ ബസവനഹള്ളിയിലെ വീട് വിട്ട ശേഷം വിരാജ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരിയിൽ ഗണേഷിനൊപ്പം താമസിച്ചിരുന്നുവെന്നും മല്ലിഗെ കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിൽ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ തിരിച്ചറിയാൻ ആവശ്യപ്പെട്ടപ്പോൾ, അത് തന്റേതല്ലെന്നും താൻ ഒരിക്കലും അത്തരം വസ്ത്രങ്ങൾ ധരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പിന്നീട്, മൈസൂരു എസ്പി എൻ. വിഷ്ണുവർദ്ധന, അന്നത്തെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ-കം-സർക്കിൾ ഇൻസ്പെക്ടർ ബി.ജി. പ്രകാശ്, എ.എസ്.ഐ സോമശേഖർ, ജീവനക്കാരായ ജിതേന്ദ്ര കുമാർ, എം. പ്രകാശ്, മഹേഷ് കുമാർ എന്നിവർക്ക് കോടതിയിൽ ഹാജരാകാൻ ജഡ്ജി നോട്ടീസ് നൽകി. കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതിനാൽ അവർ തല താഴ്ത്തി നിന്നു. മല്ലിഗെ അവരുടെ മുന്നിൽ ഹാജരായിരുന്നു.
സുരേഷിനെതിരെ തെറ്റായ കുറ്റപത്രം സമർപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മൈസൂരു എസ്പി വിഷ്ണുവർദ്ധനനോട് കോടതി ഉത്തരവിട്ടിരുന്നു. അടുത്ത വാദം കേൾക്കൽ ഈ മാസം 17 ലേക്ക് മാറ്റിയതായി അഡ്വ.പൂജാരി അറിയിച്ചു.
J. Suresh from Kodagu recounts police Attack, including being hung upside down and given electric, to force a confession to his wife Mallige's murder. Despite Mallige being found alive after five years, Suresh lives in fear of the implicated police and seeks protection, highlighting the plight of victims of police.
#Police #FalseConfession #Kodagu #JusticeForSuresh #HumanRightsViolation #Attack