Statement | 'കഞ്ചാവ്-മയക്കുമരുന്ന് ഇടപാടുകള്‍ കാര്യമായി നടക്കുന്നില്ല, വട്ടച്ചെലവിന് പോലും കാശില്ലാതിരുന്നപ്പോള്‍ പുതിയ പണിക്ക് ഇറങ്ങിയതാണ് സാറേ!'; തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്ത സംഘത്തിന്റെ മൊഴിയില്‍ അമ്പരന്ന് പൊലീസ്; തോക്ക് വന്ന വഴിയടക്കം അന്വേഷിക്കും, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
മഞ്ചേശ്വരം: (www.kasargodvartha.com) കഞ്ചാവ്-മയക്കുമരുന്ന് ഇടപാടുകള്‍ കാര്യമായി നടക്കുന്നില്ലെന്നും വട്ടച്ചെലവിന് പോലും കാശില്ലാതിരുന്നപ്പോഴാണ് പുതിയ പണിക്ക് ഇറങ്ങിയതെന്നുമുള്ള തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്ത സംഘത്തിന്റെ മൊഴിയില്‍ അമ്പരന്ന് പൊലീസ് സംഘം. തോക്ക് പ്രതികള്‍ക്ക് എവിടെ നിന്ന് കിട്ടിയെതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിനായി പ്രതികളെ കോടതി വഴി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികള്‍ക്ക് രവി പൂജാരിയുടെ നേതൃത്വത്തിലുള്ള അധോലോക സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കല്‍പ്പണയില്‍ നിന്നും ചെങ്കല്‍ കയറ്റിയ ലോറികളുമായാണ് ഡ്രൈവര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികളുമായി കടന്നുകളഞ്ഞത്. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. പിടികൂടുമെന്ന് ഉറപ്പായതോടെ പൊലീസുകാര്‍ക്കെതിരെയും മോഷ്ടാക്കള്‍ തോക്ക് ചൂണ്ടിയെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു.
മുംബൈ സ്വദേശി രാകേഷ് കിഷോര്‍, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സഫാന്‍, ഇബ്രാഹിം സയ്യാഫ്, ഹൈദരലി എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട സംഘത്തിലെ അംഗങ്ങളായ റഹീം, സിദ്ദിഖ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കണ്ടെത്താല്‍ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തി വരുന്നതായും പൊലീസ് സൂചിപ്പിച്ചു.
Keywords: Manjeshwaram, news, Kerala, Top-Headlines, custody, Police, Crime, Police are surprised by the statement of the group that hijacked the lorry at gunpoint.