Admission | 40 പേരുടെ മരണത്തിനിടയാക്കിയ ലബനനിലെ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്ന് സമ്മതിച്ച് നെതന്യാഹു
● പേജര്‍ ഓപ്പറേഷന്‍ നടന്നത് എതിര്‍പ്പുകള്‍ അവഗണിച്ച്.
● ആശയവിനിമയത്തിനായി പേജറിനെയാണ് ആശ്രയിച്ചിരുന്നത്.
● ലബനനില്‍ ഇതുവരെ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
ടെല്‍ അവീവ്: (KasargodVartha) ലെബനനില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ട പേജര്‍ ആക്രമണം തന്റെ അറിവോടെയായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു (Benjamin Netanyahu). പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ തലത്തില്‍ അവരുടെ മേലധികാരികളുടേയും എതിര്‍പ്പ് അവഗണിച്ചാണ് പേജര്‍ ഓപ്പറേഷനും നസ്‌റല്ലയെ ഉന്മൂലനവും നടത്തിയതെന്ന് നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ ചിലര്‍ക്ക് കൈവിരലുകള്‍ നഷ്ടപ്പെട്ടതായും ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.
17, 18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളുമാണ് ഒന്നാകെ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പിന്നാലെ ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ജിപിഎസും മൈക്രോഫോണുകളും ക്യാമറകളുമില്ലാത്ത ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഇസ്രായേലി നിരീക്ഷണം ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചവയാണ്.
ഹിസ്ബുള്ളയ്ക്ക് കൈമാറുന്നതിന് മുമ്പ് പേജറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. ലെബനന്‍ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളില്‍ പേജറുകള്‍ ബൂബി കെണിയില്‍ കുടുങ്ങിയതായി കണ്ടെത്തിയതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം ലെബനനിലെ ഇസ്രയേലി ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയ പേജര്‍ ആക്രമണങ്ങളെക്കുറിച്ച് ടെല്‍ അവീവിനെതിരെ ബെയ്റൂട്ട് ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. 'അന്താരാഷ്ട്ര മാനുഷിക നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പലര്‍ക്കും ഈ രീതി സ്വീകരിക്കാനുള്ള വഴി തുറന്നേക്കാം. ഇത് അപലപിച്ചില്ലെങ്കില്‍ വളരെ അപകടകരമായ ഒരു മാതൃകയാണ്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും അപകടകരവും മാരകവുമാകുന്ന ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍,' ലെബനീസ് മന്ത്രി പറഞ്ഞു.
#Netanyahu #Lebanon #Israel #Hezbollah #pagerbomb