Conflict | നാഗ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; പൊലീസുകാര്‍ ഉള്‍പെടെ 20 പേര്‍ക്ക് പരുക്ക്; കര്‍ഫ്യൂ പ്രഖ്യാപിച്ചു
● ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
● അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
● ജനങ്ങള്‍ സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തു.
മുംബൈ: (KasargodVartha) നാഗ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പുറപ്പെടുവിച്ചു. നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഹ്വാനം ചെയ്തു.
നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്‌നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഫഡ്‌നാവിസ് അഭ്യര്‍ത്ഥിച്ചു. മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്‌റങ് ദള്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിന് കാരണം.
പിന്നാലെ സ്മാരകത്തിലേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കി. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം. സിആര്‍പിഎഫ്, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വന്‍ സംഘം സ്ഥലത്തുണ്ട്.
കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പൊലീസുകാര്‍ ഉള്‍പെടെ 20 പേര്‍ക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്‌നിക്കിരയാക്കി. 17 പേരെ പിടികൂടി. പിന്നാലെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
Curfew has been imposed in Nagpur following clashes between two groups. 20 people were injured and several vehicles and houses were attacked. The conflict arose from a protest demanding the demolition of Aurangzeb's tomb.
#NagpurClash #Curfew #Maharashtra #AurangzebTomb #Conflict #Police