Theft | ബദിയടുക്കയിൽ 2 ക്ഷേത്രങ്ങളിൽ വൻ കവർച്ച; 6 ലക്ഷം രൂപ വിലയുള്ള വെള്ളിയിൽ തീർത്ത അയ്യപ്പ വിഗ്രഹം കവർന്നു
● ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു.
● പൊലീസ്, വിരലടയാള വിദഗ്ധരെത്തി അന്വേഷണം നടത്തി.
● സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
കാസർകോട്: (KasargodVartha) ജില്ലയിൽ അമ്പല കള്ളൻ വിലസുന്നു. ബദിയഡുക്കയിൽ രണ്ട് ക്ഷേത്രങ്ങളിൽ വൻ കവർച്ച നടന്നു. അടുത്തടുത്ത ദിവസങ്ങളിലായി തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം എടനീർ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. എടനീർ മഠം ഗസ്റ്റ്ഹൗസിൽ കവർച്ചാ ശ്രമവും നടന്നിരുന്നു.
ബദിയടുക്ക നെല്ലികട്ട ശ്രീ നാരായണ ഗുരു മന്ദിരത്തിലും, മാന്യ ശ്രീ അയ്യപ്പ ഭജനാ മന്ദിരത്തിലുമാണ് തിങ്കളാഴ്ച പുലർച്ചെ കവർച്ച നടന്നത്. നെല്ലികട്ട ശ്രീ നാരായണ ഗുരു മന്ദിരത്തിൽ നിന്നും 20,000 രൂപ കവർന്നു. ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം കുത്തി തുറന്ന് പണം കവരുകയായിരുന്നു. കൂടാതെ ക്ഷേത്രം ഓഫീസിൻ്റെ പുട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച 10,000 രൂപയുടെ നാണയങ്ങൾ കൈക്കലാക്കി.
തൊട്ടടുത്ത മാന്യ അയ്യപ്പക്ഷേത്രത്തിൽ നിന്നും ആറ് ലക്ഷം രൂപ വിലയുള്ള വെള്ളിയിൽ നിർമ്മിച്ച അയ്യപ്പ ഫോടോ കവർന്നു. കവർച്ചാ സംഘത്തിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടാകാനിടയുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. എടനീർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ അതേ സംഘം തന്നെയാണ് നെല്ലിക്കട്ടയിലെയും മാന്യയിലെയും കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
തൊട്ടടുത്ത സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കവർച്ച നടന്ന ക്ഷേത്രങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തും. നെല്ലിക്കട്ട ശ്രീ നാരായണ ഗുരു മന്ദിരം പ്രസിഡണ്ട് സി എച് സുധാകരയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
#KeralaCrime #TempleRobbery #IndiaNews #PoliceInvestigation #Kasaragod #SilverTheft