Crime | 'മഞ്ചേശ്വരത്ത് കവർച്ചക്കെത്തിയപ്പോൾ പിടിയിലായവരിൽ ഒരാൾ 15 കേസുകളിലെ പ്രതി'; രക്ഷപ്പെട്ട സംഘതലവൻ അടക്കം 4 പേരെ തിരിച്ചറിഞ്ഞു
● രക്ഷപ്പെട്ട സംഘാംഗങ്ങളെ പിടികൂടാൻ അന്വേഷണം
● പ്രതികളുടെ കൈയിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി
● കാർ കവർച്ച ചെയ്ത് കൊണ്ടുവന്നതാണെന്ന് നിഗമനം
മഞ്ചേശ്വരം: (KasargodVartha) ഞായറാഴ്ച പുലര്‍ച്ചെ കൊട്‌ലമുഗറു ദൈഗോളിയില്‍വെച്ച് കവർച്ചയ്ക്കെത്തിയപ്പോൾ പൊലീസ് പിടികൂടിയ രണ്ടു പേരിൽ ഒരാൾ കര്‍ണാടകയില്‍ 15 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വെളിലെടുത്തി. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈസലിന് (32) ആണ് ഇത്രയേറെ കേസുകൾ ഉള്ളത്. ഇയാൾക്ക് കേരളത്തില്‍ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫൈസലിനൊപ്പം കര്‍ണാടക തുംകൂര്‍ ജില്ലയിലെ സഈദ് അമാനിനെ (28) യും പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഘത്തിൽ ഉണ്ടായിരുന്ന രക്ഷപ്പെട്ട മറ്റു നാലുപേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കവര്‍ച്ചാസംഘത്തിലെ പ്രധാനിയെ പിടികൂടിയാൽ മാത്രമേ മറ്റുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഫൈസലും അമാനും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് പൊലീസിനെ കുഴക്കിയിരുന്നു. എളുപ്പവഴി തേടിയാണ് കേരളത്തിലേക്ക് കടന്നതെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ഈ കാർ കവര്‍ച്ച ചെയ്ത് കൊണ്ടുവന്നതാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കാറിനകത്തു നിന്ന് നിരവധി നമ്പര്‍ പ്ലേറ്റുകൾ ഗ്യാസ് കടർ, മാരകായുധങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളുടെ പേരിലുള്ളതാണ് നമ്പര്‍ പ്ലേറ്റുകള്‍.
#ManjeswaramRobbery #KeralaCrime #KarnatakaPolice #Arrest #CrimeNews