Crime | ട്രെയിനിടിച്ച് മരിച്ചുവെന്ന് കരുതിയിരുന്ന സംഭവം ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകത്തിലേക്ക് വഴിമാറി
● പൊലീസ് അന്വേഷണത്തിൽ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.
● കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
● മുൽക്കി പൊലീസിന്റെ അതിസൂക്ഷ്മ അന്വേഷണമാണ് കേസിന്റെ ഗതിമാറ്റിയത്.
മംഗ്ളുറു: (KasargodVartha) ട്രെയിനിടിച്ച് മരിച്ചുവെന്ന് കരുതിയിരുന്ന സംഭവം ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകത്തിലേക്ക് വഴിമാറി. മുൽക്കി പൊലീസിന്റെ അതിസൂക്ഷ്മ അന്വേഷണമാണ് കേസിന്റെ ഗതിമാറ്റിയത്. ബെല്ലയൂരിലെ റെയിൽവേ ട്രാക്കിൽ ചിതറിക്കിടന്ന ഒരു യുവാവിന്റെ തലയിൽ നിന്നാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യുവാവ് കൊലപ്പെടുത്തിയ തന്റെ ഭാര്യയുടേയും നാലു വയസുള്ള മകന്റെയും മൃതദേഹങ്ങളാണ്.
കെമ്രാൾ പക്ഷികെരെയിലെ കാർത്തിക് ഭട്ട് (35) ആണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. പൊലീസ് സ്ഥലത്തു നിന്ന് കണ്ടെത്തിയ സ്കൂട്ടറിൻ്റെ താക്കോലും വീടിൻ്റെ താക്കോലും അനുസരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ബെല്ലയൂരിലെ മഹമ്മായി ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്താണ് പൊലീസ് സ്‌കൂട്ടർ കണ്ടെത്തിയത്. ആർസി, ഇൻഷുറൻസ് രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാഹനം കാർത്തിക് ഭട്ടിൻ്റെതാണെന്ന് തിരിച്ചറിഞ്ഞത്.
കൂടുതൽ അന്വേഷണം പൊലീസിനെ കാർത്തിക് ഭട്ടിൻ്റെ കെമ്രൽ ഗ്രാമത്തിലെ പക്ഷികെരെയിലെ വീട്ടിലേക്ക് നയിച്ചു. വീടിനുള്ളിൽ കയറിയപ്പോൾ അടച്ചിട്ടിരിക്കുന്ന മുറി കണ്ടെത്തി. റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയ താക്കോൽ ഉപയോഗിച്ച് മുറിയുടെ പൂട്ട് തുറന്നപ്പോൾ ഭയാനകമായ കാഴ്ചയാണ് കണ്ടത്. ഭാര്യ പ്രിയങ്ക (28), മകൻ ഹൃദ്യ (4) എന്നിവരുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്.
കാർത്തിക് ഭട്ടിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ താൻ നടത്തിയ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ കുറിച്ചിരുന്നു. ആറ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ തമ്മിലുള്ള കുടുംബ വഴക്കാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്നും ഭാര്യ പ്രിയങ്ക, മകൻ ഹൃദ്യ എന്നിവരെ കൊലപ്പെടുത്തിയ ശേഷം കാർത്തിക് ഭട്ട് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
#MangaluruCrime, #IndianCrimeNews, #TrainAccident, #MurderMystery, #FamilyDispute