Acquittal | പ്രമാദമായ മംഗ്ളൂറിലെ മുഹമ്മദ് സഫ്‌വാൻ കൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
● 2016-ൽ നടന്ന കൊലപാതകം പ്രദേശത്തെ നടുക്കിയിരുന്നു
● സംഭവം നടന്നത് ഉള്ളാൾ റെയിൽവേ മേൽപാലത്തിന് സമീപമാണ്.
● പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി
മംഗ്ളുറു: (KasargodVartha) പ്രമാദമായ മുഹമ്മദ് സഫ്‌വാൻ കൊലക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. രാഹുൽ, പവൻരാജ്, കാർത്തിക്, ശിവരാജ്, എഡ്വിൻ രാഹുൽ ഡിസൂസ, രാഹുൽ പൂജാരി, ഹേമചന്ദ്ര എന്നിവരെയാണ് മംഗ്ളൂറിലെ ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചത്. 2016-ൽ തൊക്കോട്ടു റെയിൽവേ മേൽപാലത്തിന് സമീപമായിരുന്നു സംഭവം.
2016 ഏപ്രിൽ 26ന് രാത്രി പിലാർ സ്വദേശികളായ സഫ്‌വാൻ, മുഹമ്മദ് സലീം, നിസാമുദ്ദീൻ എന്നിവർ കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈകിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം അക്രമികൾ മാരകായുധങ്ങളുമായി ഇവരെ ആക്രമിച്ചത്. സലീമും നിസാമുദ്ദീനും രക്ഷപ്പെട്ടപ്പോൾ സഫ്‌വാന് മാരകമായി പരുക്കേറ്റു. ഏപ്രിൽ 30ന് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പ്രദേശത്ത് പ്രശ്‌നമുണ്ടാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും സഫ്‌വാൻ അടക്കം മൂവരും നിരപരാധികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഉള്ളാൾ ദർഗയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്നവർ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെനാൾ സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രതിയിൽ നിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിലെ സഫ്‌വാന്റെ രക്തവും, ആയുധങ്ങളും ഉൾപ്പെടെ ശേഖരിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
പിഎസ്ഐ ഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇൻസ്പെക്ടർ അശോകൻ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ജസ്‌റ്റിസ് എസ് വി കണ്ഠരാജുവിന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബെളുവായി അരുൺ ബംഗേര, രാജേഷ് കുമാർ അംതാടി, ആശാ നായക് എന്നിവർ ഹാജരായി.
#Mangaluru #SafwanMurder #JusticeForSafwan #CourtVerdict #India #Kerala #CrimeNews