Punishment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് കോടതി യുവാവിന് വിധിച്ചത് കഠിന ശിക്ഷ; ജീവപര്യന്തത്തിന് പുറമെ 50 വർഷം തടവും; 4 ലക്ഷം രൂപ പിഴയും
● കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയാണ് വിധി പ്രസ്താവിച്ചത്.
● കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ രാജ് ഷെട്ടിയാണ് പ്രതി.
● 2018 ഒക്ടോബറിലാണ് സംഭവം നടന്നത്.
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവിന് പുറമെ 50 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ രാജ് ഷെട്ടിയെ (26) ആണ് കാസർകോട് ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2018 ഒക്ടോബർ എട്ടിന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 13 വയസുള്ള പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ 16 മാസം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(2)(വി) വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും, 1,00,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ അധികമായി 4 മാസം കഠിന തടവും), അതേ ആക്ടിന്റെ 3(2)(5)(എ) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ അധികമായി 2 മാസം കഠിന തടവും), ഐപിസി 376(2)(1) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 1,00,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ അധികമായി 4 മാസം കഠിന തടവും) ശിക്ഷ വിധിച്ചു.
കൂടാതെ പോക്സോ ആക്ടിന്റെ 4(1) റെഡ് വിത് 3(എ) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 1,00,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ അധികമായി 4 മാസം കഠിന തടവും), അതുപോലെ ഐപിസി 506(2) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ അധികമായി 2 മാസം കഠിന തടവും) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന കെ ഹരിശ്ചന്ദ്ര നായ്ക് ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസീക്യൂടർ എ കെ പ്രിയ ഹാജരായി. മറ്റൊരു കേസിൽ തൃശൂർ ജയിലിലായിരുന്ന പ്രതിയെ കാസർകോട് കോടതിയിൽ എത്തിച്ചാണ് വിധി പ്രസ്താവം കോടതി നടത്തിയത്.
കേസിന്റെ വിചാരണക്കിടെ മൊഴിമാറ്റണമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിയുടെ സഹോദരനെ അടുത്തിടെ കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ അറസ്റ്റ് ചെയ്തിരുന്നു.
#KasaragodCase #POCSOAct #LifeSentence #JusticeForVictims #KeralaCrime #CourtVerdict