Attack | കാസര്‍കോട്ട് ആശുപത്രിയിൽ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസ്: 'പ്രതി ബെംഗ്ളുറു വിമാനത്താവളത്തിൽ പിടിയിൽ'
● എംആർഐ സ്കാനിങ് സെൻ്ററിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം.
● മുഹമ്മദ് ജൗഹര്‍ ജിസ്വാന്‍ എന്ന യുവാവാണ് പിടിയിലായത്.
● പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നൽകിയിരുന്നു.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിൽ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബെംഗ്ളുറു വിമാനത്താവളത്തിൽ പിടിയിലായതായി പൊലീസ് പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജൗഹര്‍ ജിസ്വാന്‍ (24) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ആശുപത്രിയിലെ എംആർഐ സ്കാനിങ് സെൻ്ററിന് മുന്നിൽ വെച്ച് ഉളിയത്തടുക്ക എസ് പി നഗറിലെ അബ്ദുല്‍ റസാഖിന് (28) കുത്തേറ്റത്. ആശുപത്രിയിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരനെ കുത്തിയതെന്നാണ് ആരോപണം. ഒഴിഞ്ഞു മാറിയത് കൊണ്ട് തുടയിലാണ് ആഴത്തിൽ കുത്ത് കൊണ്ടത്. സ്ത്രീ സംബന്ധമായ വിഷയമാണ് അക്രമത്തിന് കാരണമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
യുവാവ് സ്‌കൂടറിൽ എത്തി അക്രമിക്കുന്നതിന്റെയും രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളില്‍ അറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്. കാസര്‍കോട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തും.
#Kasaragod #Kerala #hospitalattack #arrest #BengaluruAirport #crime