Arrest | ട്രെയിനിൽ യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
● ഹൊസ്ദുർഗ് സ്വദേശിയായ മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്.
● നിരവധി കേസുകളിൽ പ്രതിയാണ് യുവാവ്.
● കൊല്ലം സ്വദേശിയായ മുരളീധരനെയാണ് ആക്രമിച്ചത്.
കാഞ്ഞങ്ങാട്: (KasargodVartha) ട്രെയിനിൽ യാത്രക്കാരനെ അക്രമിച്ച് പരുക്കേൽപിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റിയാസ് (31) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബർ എട്ടിന് പുലർച്ചെ കാഞ്ഞങ്ങാട് എത്തിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കൊല്ലം കണിച്ചുകുളങ്ങരയിലെ മുരളീധരൻ (63) എന്നയാളെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്നാണ് കേസ്.
മുരളീധരനും സംഘവും മീന്‍പിടുത്തം കഴിഞ്ഞ് അവധിക്ക് മംഗ്‌ളൂറു സെന്‍ട്രലില്‍നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന ചില യുവാക്കള്‍ കയറിയതുമുതല്‍ ബഹളംവെച്ച് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഇതിനിടെ യുവാക്കൾ ശുചിമുറിയിൽ ഛർദിച്ചതിനാൽ വൃത്തിയാക്കാൻ പറഞ്ഞതിൽ പ്രകോപിതനായ ഒരാൾ മുരളീധരനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തുകയുമായിരുന്നുവെന്നുമാണ് പരാതി. മുരളീധരന് ഏഴ് തുന്നികെട്ടുകള്‍ വേണ്ടിവന്നിരുന്നു.
കാഞ്ഞങ്ങാട് റയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൂറോളം സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊകേഷനുകൾ എന്നിവ വിശദമായി പരിശോധിച്ചതിനെ തുടർന്നാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചത്. അറസ്റ്റിലായ മുഹമ്മദ് റിയാസ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
എസ് എച് ഒ റെജികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രകാശൻ എംവി, സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ ഇല്യാസ്, സിപിഒ ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
#trainattack #keralacrimes #kannurnews #westcoastexpress #assaultcase #policearrest