തൃക്കരിപ്പൂർ കടപ്പുറത്ത് വൻ വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി
May 25, 2021, 12:03 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 25.05.2021) തൃക്കരിപ്പൂർ കടപ്പുറം സൗതിൽ വൻ വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി. വലിയപറമ്പ ഗ്രാമപഞ്ചായത്തിൻ്റെ തെക്കെ അറ്റത്തുള്ള ഏഴിമല നേവൽ അകാഡമിയോടടുത്ത ഭാഗത്താണ് കള്ളവാറ്റ് കേന്ദ്രം കണ്ടെത്തിയത്.
പ്രദേശത്തുള്ള ആളുകൾ താമസം മാറിപ്പോയതിനാൽ ഈ ഭാഗം കാടുമൂടിയ നിലയിലായിരുന്നു. കണ്ടൽകാടുകളും മറ്റും വളർന്നു പന്തലിച്ച ഇവിടെ നിന്നും 25 ഓളം പാത്രങ്ങളിൽ നിറച്ച 230 ലിറ്റർ വാഷാണ് പിടിച്ചെടുത്തത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കെ മനോഹരൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ തൃക്കരിപ്പൂർ കടപ്പുറം സെൻട്രൽ യൂനിറ്റിലെ പ്രവർത്തകർ വാഷുകൾ പിടിച്ചെടുത്ത് എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ കലേശൻ, പ്രിവൻ്റീവ് ഓഫീസർ കെ പീതാംബരൻ, കെ പ്രദീഷ്, കെ നിശാദ്, വി വി ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
മീൻ പിടിക്കാനെന്ന വ്യാജേന ഇവിടെ എത്തുന്ന അന്യദേശക്കാരായ ചിലരാണ് കള്ളവാറ്റിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. വൻതോതിൽ ഇവിടെ നിന്നും മദ്യം വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്ന രഹസ്യവിവരം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ലഭിച്ചതിനെ തുടർന്നായിരുന്നു മദ്യവേട്ട നടത്തിയത്.
Keywords: Kasaragod, Trikaripur, News, Panchayath, Crime, Nileshwaram, Fishermen, DYFI, Large counterfeit brewery found on coast of Trikaripur. < !- START disable copy paste -->