Allegation | 'കെഎസ്ആർടിസി ബസിൽ 16കാരന് നേരെ ലൈംഗികാതിക്രമം'; അജ്ഞാത കണ്ടക്ടറെ തേടി പൊലീസ്
● ദുരനുഭവം അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോള്‍
● കൗൺസിലിംഗിൽ വെളിപ്പെട്ട സംഭവം
● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
നീലേശ്വരം: (KasargodVartha) കെഎസ്ആർടിസി ബസിൽ 16കാരന് ലൈംഗികാതിക്രമം നേരിട്ടതായുള്ള പരാതിയിൽ അജ്ഞാതനായ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 മെയ് മാസത്തിൽ നീലേശ്വരം സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.
ബസിലെ കണ്ടക്ടർ ലൈംഗികമായി ഉപദ്രവിച്ചതായി കൗമാരക്കാരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൗമാരക്കാരന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. കൗൺസിലിംഗിനിടെ കൗമാരക്കാരൻ ബസ് യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു.
ഇതേത്തുടർന്ന് ബന്ധപ്പെട്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് ഏറെ നാളുകൾക്കു ശേഷമാണ് പരാതി ലഭിച്ചിരിക്കുന്നത് എങ്കിലും, പ്രതിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
#KSRTCassault #ChildSafety #KeralaCrime #JusticeForSurvivors #StopChildAbuse