Crime | പർദ ധരിച്ച്, 2 കുപ്പി പെട്രോളുമായെത്തിയ തേജസിന്റെ ലക്ഷ്യം ഫെബിനായിരുന്നില്ല? കൊല്ലത്തെ നടുക്കിയ ദുരന്തത്തിന്റെ ചുരുളഴിയുന്നു
● തേജസ് ഫെബിന്റെ സഹോദരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.
● പെൺകുട്ടിക്ക് ബാങ്കിൽ ജോലി ലഭിച്ചതിന് ശേഷം ബന്ധം വേണ്ടെന്ന് വെച്ചു.
● ഫെബിന്റെ പിതാവിനും കുത്തേറ്റു.
കൊല്ലം: (KasargodVartha) തിങ്കളാഴ്ച കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ചുരുളുകൾ അഴിയുന്നു. പ്രണയനൈരാശ്യം കൊലപാതകത്തിലേക്കും പിന്നീട് സ്വന്തം ജീവനൊടുക്കുന്നതിലേക്കും നയിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ഉളിയക്കോവിലിലെ ഫെബിൻ ജോർജ് ഗോമസ് (21) ആണ് തേജസ് രാജിന്റെ (23) കുത്തേറ്റ് മരിച്ചത്.
തേജസ് ഫെബിന്റെ പിതാവ് ഗോമസിനെയും ആക്രമിച്ചു. പിന്നീട് മൂന്ന് കിലോമീറ്ററോളം അകലെയുള്ള ചെമ്മാൻമുക്ക് റെയിൽവേ പാലത്തിൽ വെച്ച് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തേജസ് കൊല്ലം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ്ഐ തെക്കേടത്ത് രാജുവിന്റെ മകനാണ്. പർദ ധരിച്ച് മുഖം മറച്ച് പെട്രോളുമായാണ് തേജസ് ഫെബിന്റെ വീട്ടിലെത്തിയതെന്ന് പൊലീസും ദൃക്‌സാക്ഷികളും വ്യക്തമാക്കി.
ഫെബിന്റെ സഹോദരിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് തേജസ് കൃത്യം ചെയ്യാൻ തീരുമാനിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. തേജസും ഫെബിന്റെ സഹോദരിയും കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു. ഇരു കുടുംബാംഗങ്ങളും വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതിക്ക് ബാങ്കിൽ ജോലി ലഭിച്ചതിന് ശേഷം പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ തീരുമാനം തേജസിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതി തേജസിനെ പൂർണമായും അവഗണിക്കുകയും ഫോൺ വിളികൾക്ക് മറുപടി പോലും നൽകാതിരിക്കുകയും ചെയ്തു. തേജസ് വീണ്ടും പ്രണയം പുതുക്കാൻ ശ്രമിച്ചപ്പോൾ, യുവതിയുടെ കുടുംബം ഇടപെട്ട് തടയുകയും ചെയ്തു. ഇതിൽ രോഷാകുലനായ തേജസ് യുവതിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
തിങ്കളാഴ്ച വൈകുന്നേരം 6.45 ഓടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പർദ ധരിച്ച് മുഖം മറച്ചെത്തിയ തേജസ് വെളുത്ത കാറിലാണ് ഫെബിന്റെ വീട്ടിലെത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തേജസ് വാതിൽ തുറന്ന ഫെബിന്റെ പിതാവ് ഗോമസിനെ ആദ്യം ആക്രമിച്ചു. പിന്നീട് ഫെബിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. ആ സമയം ഫെബിനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ആദ്യം ഫെബിന്റെ പിതാവിനെ ആക്രമിച്ച ശേഷം ഫെബിനെ ഒന്നിലധികം തവണ കുത്തി. കുത്തേറ്റ ഫെബിൻ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീടിന് സമീപത്തെ മതിലിന് അടുത്ത് തളർന്നുവീണു. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫെബിന്റെ പിതാവ് ജോർജ് ഇപ്പോൾ ചികിത്സയിലാണ്.
കൊലപാതകത്തിന് ശേഷം അതേ കാറിൽ തേജസ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ചെമ്മാൻമുക്ക് റെയിൽവേ പാലത്തിൽ എത്തിയ ശേഷം കാർ പാലത്തിനടിയിൽ പാർക്ക് ചെയ്ത ശേഷം തേജസ് കൈ ഞരമ്പ് മുറിച്ച് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തേജസിന്റെ കാറിൽ നിന്ന് പെട്രോളിന്റെ ഒരു കുപ്പിയും പൊലീസ് കണ്ടെത്തി. വാഹനത്തിനകത്തും പുറത്തും തേജസിന്റെ കൈ ഞരമ്പ് മുറിച്ചതിന്റെ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ തേജസിന്റെ കാറും മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണ്. തേജസ് ഫെബിന്റെ വീട്ടിലേക്ക് എത്തിയത് രണ്ട് പെട്രോൾ കുപ്പികളുമായാണ്. അതിലൊരു കുപ്പി തുറന്ന് സംഭവസ്ഥലത്ത് പെട്രോൾ ഒഴിച്ചിരുന്നു. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു തേജസിന്റെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്.
എന്നാൽ തേജസ് എത്തിയ സമയം യുവതി വീട്ടിലുണ്ടായിരുന്നില്ല. രണ്ടാമത്തെ പെട്രോൾ കുപ്പിൽ ഇയാളുടെ കാറിൽ നിന്ന് പോലീസ് പിന്നീട് കണ്ടെടുത്തു. തേജസ് വീട്ടിലെത്തിയ സമയം ഫെബിനും കുടുംബവും പേരയ്ക്ക കഴിക്കുകയായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന കത്തിയാണ് തേജസ് കുത്താനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിച്ചു വരികയാണ്. പഠനത്തിൽ മിടുക്കനായിരുന്ന ഫെബിൻ, ഒഴിവുസമയങ്ങളിൽ സൊമാറ്റോ ഡെലിവറി ഏജന്റായും ജോലി ചെയ്തിരുന്നു. സഹോദരി കോഴിക്കോട്ട് ഒരു ബാങ്കിൽ ജീവനക്കാരിയാണ്
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
A young man was stabbed to death in Kollam, and the perpetrator died. Police say the incident was due to frustration with love. Tejas arrived to target Febin's sister. Febin was attacked because the girl was not at home.
#Kollam #Murder #Crime #Love