Land Fraud | 'ഭൂമാഫിയയുടെ തട്ടിപ്പ്: വിരമിച്ച സൈനികര്‍ക്ക് നല്‍കാനുള്ള സ്ഥലം തട്ടിയെടുത്തു; പരാതി നല്‍കിയ വിരമിച്ച വിലേജ് ഓഫീസറെ കാറിടിച്ച് കൊല്ലാന്‍ ശ്രമം'
● തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍.
● 'വ്യാജരേഖ ചമച്ച് 1,31,30000 രൂപയുടെ ഭൂമിയാണ് തട്ടിയെടുത്തിരിക്കുന്നത്.'
● ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏഴ് പേരടങ്ങുന്ന സംഘമാണ് ഭൂമി തട്ടിയെടുത്തിരിക്കുന്നതെന്ന് പരാതി.
കുമ്പള: (KasargodVartha) വിരമിച്ച സൈനികര്‍ക്ക് നല്‍കാന്‍ വേണ്ടി നീക്കിവെച്ച രണ്ട് ഏക്കറിലധികം വരുന്ന സ്ഥലം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ തട്ടിയെടുത്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ലാന്‍ഡ് കമീഷണര്‍ക്കും പരാതി നല്‍കിയ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം.
പരുക്കേറ്റ കയ്യാര്‍ സ്വദേശിയും വിരമിച്ച വിലേജ് ഓഫീസറുമായ മുഹമ്മദ് കുഞ്ഞി(62)യെ മംഗ്‌ളൂറിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. തലക്കും കാലിനും മറ്റും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ബൈകില്‍ പോകുന്നതിനിടെ പെര്‍മുടെ പെട്രോള്‍ പമ്പിനടുത്തുവെച്ചാണ് ഇദ്ദേഹത്തെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
പരുക്കേറ്റ മുഹമ്മദ് കുഞ്ഞി തന്നെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ കുറിച്ച് കാസര്‍കോട് വാര്‍ത്തയോട് വിവരിച്ചത് ഇങ്ങനെയാണ്:
1982-ല്‍ കയ്യാര്‍ വിലേജിലെ കുടാല്‍ മേര്‍ക്കള ചേവാറിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞി എന്നയാളുടെ പേരില്‍ അബ്ദുല്ല എന്നയാള്‍ വ്യാജ പട്ടയവും രേഖകളും ചമച്ച് റിസര്‍വെ നമ്പര്‍ 25/1 എബിയില്‍പെട്ട രണ്ട് ഏകര്‍ രണ്ട് സെന്റ് സ്ഥലം 21-07-1982 ല്‍ ഇല്ലാത്ത ഒരാളുടെ പേരിലാണ് ഭൂമി സ്വന്തമാക്കിയത്.
പട്ടയം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 2021 വരെ സ്ഥലത്തിന് നികുതി അടയ്ക്കുകയോ, തണ്ടപ്പേര്‍ രജിസ്റ്റര്‍ ചെയ്ത് വസ്തുവിവരം ചേര്‍ക്കുകയോ ചെയ്തിരുന്നില്ല. 2023ല്‍ സിദ്ദീഖ് എന്നയാളുടെ പേരില്‍ ഒന്നര ഏകര്‍ സ്ഥലവും ബാഡൂര്‍ വിലേജിലെ ബെല്‍മാരെ ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ ബി എ മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ 30 സെന്റ് സ്ഥലത്തിനും തണ്ടപ്പേരും നികുതി അടച്ച രസീതും നല്‍കി മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസറെ സ്വാധീനിച്ച് വ്യാജ ആധാരം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഈ ഭൂമി തട്ടിപ്പില്‍ അബൂബകര്‍ സിദ്ദീഖ്, മുഹമ്മദ് ഹനീഫ്, വിലേജ് അസിസ്റ്റന്റ് കേശവ, വിലേജ് ഓഫീസര്‍ സുജാത, മഞ്ചേശ്വരം താലൂക് ഓഫീസിലെ ലാന്‍ഡ് അക്യൂസിഷന്‍ തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെയാണ് താന്‍ ജില്ലാ കളക്ടര്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ലാന്‍ഡ് കമീഷണര്‍ക്കും പരാതി നല്‍കിയത്. ആധാര്‍ കാര്‍ഡ് നിലവില്‍ വന്നശേഷം വസ്തു കൈമാറ്റത്തിന് ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കിയതിനാലാണ് ഇക്കാര്യം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് വിവരമുണ്ട്.
വലിയ ഭൂമാഫിയയാണ് സര്‍കാറിന്റെ സ്ഥലം കട്ടെടുക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. നിലവില്‍ ഭൂമി തട്ടിയെടുത്ത പ്രദേശത്ത് സ്ഥലത്തിന് സെന്റിന് 65000 രൂപയിലധികം വിലയുണ്ട്. അങ്ങനെ വരുമ്പോള്‍ 1,31,30000 രൂപയുടെ ഭൂമിയാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തിരിക്കുന്നത്. വിമുക്ത ഭടന്മാര്‍ക്ക് പതിച്ച് കൊടുക്കാന്‍ നീക്കിവെച്ച സ്ഥലം ഏഴ് പേരടങ്ങുന്ന സംഘം ചേര്‍ന്നാണ് തട്ടിയെടുത്തിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.
അതേസമയം, ഇതിന് മുന്‍പും മഞ്ചേശ്വരം താലൂക് പരിധിയില്‍ നിരവധി സര്‍കാര്‍ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തതിനെ കുറിച്ച് കാസര്‍കോട് വാര്‍ത്ത തന്നെ റിപോര്‍ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ സ്വാധീനമുള്ള അധികൃതര്‍ തയ്യാറായിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Land mafia grabbed land reserved for retired soldiers in Kumbala, Kerala. A retired village officer who filed a complaint was attacked in a car accident.
#LandFraud, #KeralaNews, #LandMafia, #RetiredOfficer, #Attack, #CrimeNews