Drug Seizure | ബാങ്കോക്കിൽ നിന്നെത്തിയ കാസർകോട് സ്വദേശി 3 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
● മുഹമ്മദ് ഷെരീഫ് (24) ആണ് കസ്റ്റംസ് പിടിയിലായത്.
● 3.004 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്.
● ലഗേജിനുള്ളിലെ ട്രോളി ബാഗിലാണ് ഇത് ഒളിപ്പിച്ചത്.
● ബംഗളൂരിലെ ഡീലർക്ക് കൈമാറാനായിരുന്നു പദ്ധതി.
● എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
മുംബൈ: (KasargodVartha) ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ കാസർകോട് സ്വദേശിയായ യുവാവിൽ നിന്ന് മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് ഷെരീഫി(24)നെയാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് (AIU) അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 11 മണിയോടെ തായ് ലയൺ എയർലൈൻസ് വിമാനത്തിലാണ് ഷെരീഫ് ബാങ്കോക്കിൽ നിന്ന് മുംബൈയിൽ എത്തിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ AIU ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഷെരീഫ് പിടിയിലായത്. പരിശോധനയിൽ ഇയാളുടെ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ 3.004 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളിൽ മുറുക്കി പായ്ക്ക് ചെയ്ത നിലയിലായിരുന്നു ലഹരിമരുന്ന്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് മൂന്ന് കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ചോദ്യം ചെയ്യലിൽ ഷെരീഫ് കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത ലഹരിമരുന്ന് ബംഗളൂരുവിലുള്ള ഒരു ഡീലർക്ക് കൈമാറാനാണ് താൻ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഓരോ കിലോഗ്രാം കഞ്ചാവിനും 1.5 ലക്ഷം രൂപയാണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷെരീഫ്, പാർട്ട് ടൈം റിയൽ എസ്റ്റേറ്റ് ബ്രോക്കറായും പ്രവർത്തിച്ചിരുന്നു. ഇയാൾ ആദ്യമായാണ് ലഹരി കടത്തുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് 27 ന് ബംഗളൂരു വിമാനത്താവളം വഴിയാണ് ഷെരീഫ് കഞ്ചാവ് വാങ്ങുന്നതിനായി ബാങ്കോക്കിലേക്ക് പോയത്. ഇതിനായി 1.20 ലക്ഷം രൂപ വായ്പയെടുക്കുകയും ഈ പണം ഉപയോഗിച്ച് 5300 സൗദി റിയാലും 750 യുഎസ് ഡോളറും വാങ്ങിയിരുന്നു. ഏകദേശം 60,000 രൂപയോളം മുടക്കിയാണ് കഞ്ചാവ് വാങ്ങിയതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (NDPS) നിയമപ്രകാരം അറസ്റ്റ് ചെയ്ത ഷെരീഫിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പ്രതിയെക്കുറിച്ച് നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും, നടപടിക്രമങ്ങൾ അനുസരിച്ച് വിവരങ്ങൾ ശേഖരിക്കാൻ സമയമെടുക്കുമെന്നും കാസർകോട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
A 24-year-old native of Kasargod was arrested at Mumbai's Chhatrapati Shivaji Maharaj International Airport for smuggling 3.004 kilograms of hydroponic cannabis worth ₹3 crore from Bangkok. Customs AIU officials apprehended Mohammed Shareef based on intelligence. He confessed to intending to deliver the drugs to a dealer in Bengaluru for a commission.
#DrugSeizure #MumbaiAirport #Kasargod #CannabisSmuggling #AIU #Narcotics