Police | 'സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭാര്യയെ കൊലപ്പെടുത്താനും ശ്രമം'; കർണാടക എസ്‌ഐക്കെതിരെ കേസ്; 'സ്ഥലംമാറ്റത്തിന് കൈക്കൂലി കൊടുക്കാൻ 10 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടും അതിക്രമം'
● വിവാഹസമയത്ത് 10 ലക്ഷം രൂപ പണമായും 135 ഗ്രാം സ്വർണാഭരണങ്ങളും നൽകി.
● റോളിംഗ് പിൻ ഉപയോഗിച്ച് ശാരീരികമായി ആക്രമിച്ചു
● പൊലീസ് ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.
മംഗ്ളുറു: (KasaragodVartha) സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി കിഷോറിനും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാഗരഭാവി ടീച്ചേഴ്‌സ് കോളനിയിലെ മാനസ നഗറിൽ താമസിക്കുന്ന കിഷോറിന്റെ ഭാര്യ ആർ വർഷയാണ് പരാതിക്കാരി. കിഷോറിന്റെ പിതാവ് പുട്ടച്ചന്നപ്പ, മാതാവ് സരസ്വതമ്മ, സഹോദരൻ പി ചന്ദൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
വർഷയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: വിവാഹം ഒരു ബ്രോക്കർ വഴിയാണ് ഉറപ്പിച്ചത്. ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചതിന് ശേഷം, കിഷോറിന്റെ മാതാവ് പുട്ടച്ചന്നമ്മയും മറ്റ് കുടുംബാംഗങ്ങളും വിവാഹച്ചെലവിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുക താങ്ങാൻ ബുദ്ധിമുട്ടായപ്പോൾ വർഷയുടെ കുടുംബം 10 ലക്ഷം രൂപ നൽകാൻ സമ്മതിക്കുകയും അത് കിഷോറിന്റെ കുടുംബം സ്വീകരിക്കുകയും ചെയ്തു.
2023 നവംബർ 24 ന് 18 ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകി വിവാഹനിശ്ചയം നടത്തി. വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെ കിഷോർ ഒരു കാർ ആവശ്യപ്പെട്ടു. ആദ്യം വർഷ എതിർത്തുവെങ്കിലും പിന്നീട് പിതാവ് ഇടപെട്ട് 23 ലക്ഷം രൂപയുടെ കാർ ബംഗളൂരു രാജാജിനഗറിലെ ഹ്യുണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങി നൽകി.
2024 ഫെബ്രുവരി 21 ന് വർഷയുടെ കുടുംബം ഏകദേശം 60 ലക്ഷം രൂപ ചെലവഴിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ പണമായും 135 ഗ്രാം സ്വർണ്ണാഭരണങ്ങൾ കിഷോറിനും 850 ഗ്രാം സ്വർണാഭരണങ്ങളും മൂന്ന് കിലോ വെള്ളി ആഭരണങ്ങളും വർഷയ്ക്കും നൽകി. വിവാഹ സമയത്ത് കിഷോർ മുദിഗരെ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് ധർമ്മസ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് കൈക്കൂലി നൽകാനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. എവിടെ നിന്ന് ഇത്രയധികം പണം കണ്ടെത്തുമെന്ന് ചോദിച്ചപ്പോൾ കിഷോർ തോക്ക് ഉപയോഗിച്ച് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി.
ധർമ്മസ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് ശേഷം കിഷോർ ഫർണിച്ചറുകൾ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പീഡനം വർദ്ധിച്ചു. കിഷോർ റോളിംഗ് പിൻ ഉപയോഗിച്ച് ശാരീരികമായി ആക്രമിച്ചു. ഈ മാസം 21 ന് രാത്രി കിഷോർ തന്നെ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയും രാത്രി ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെ പൊലീസ് ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ബംഗളൂരുവിലെ കെ.സി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി'.
വർഷയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷയുടെ ആരോപണങ്ങളും പ്രതിയുടെ പെരുമാറ്റവും സംബന്ധിച്ച് അധികൃതർ വകുപ്പുതലത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Case has been filed against a Karnataka SI for allegedly harassing his wife for dowry, demanding a bribe for transfer, and attempting to kill her.
#KarnatakaPolice, #DowryHarassment, #PoliceCase, #CrimeNews, #IndiaNews, #DomesticViolence