Arrest | ഭജന മന്ദിരത്തിലെ കവർച്ച കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് അനവധി മോഷണങ്ങൾ; 'പിടിയിലായത് അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തിന്റെ തലവൻ'
● നിരവധി ക്ഷേത്രങ്ങളിൽ നിന്നും വീടുകളിൽ നിന്നും മോഷണം നടത്തി
● കർണാടകയിലും കേരളത്തിലുമായി നിരവധി കേസുകൾ
● മോഷണത്തിന് ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു
കാസർകോട്: (KasargodVartha) മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷമാലയും കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായ കർണാടക കബക താലൂകിലെ ഇബ്രാഹിം കലന്തറിനെ (42) ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് അനവധി മോഷണ കേസുകൾ.
കാസർകോട് ജില്ലയിലെ പല സ്ഥലങ്ങളിലും മോഷണം വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശാനുസരണം ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേകം ക്രൈം സ്‌ക്വാഡുകൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബദിയടുക്ക പൊലീസ് എസ്ഐ നിഖിലും സംഘവും ഇയാളെ ഉപ്പളയിൽ നിന്ന് പിടികൂടിയത്.
ഇബ്രാഹിം കലന്തറിനെ ചോദ്യം ചെയ്തപ്പോൾ മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയിലെ പൊയിനാച്ചി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലും, വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ഇടനീര്‍ ക്ഷേത്രത്തിലും, കര്‍ണാടകയിലെ ബണ്ട് വാൾ ക്ഷേത്രം, മടിക്കേരി ബാങ്ക് കവര്‍ച്ച ശ്രമം, കുശാല്‍ നഗറിൽ വീട് കുത്തിത്തുറന്നു മോഷണം തുടങ്ങി മറ്റു നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി.
ഇബ്രാഹിം കലന്തർ വൻ മോഷണ സംഘത്തിന്റെ തലവനാണെന്നും ഇയാളോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റ് പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കർണാടക പൊലീസുമായി ചേർന്ന് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇതോടെ ബദിയഡുക്കയിലും മറ്റ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകള്‍ക്ക് തുമ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഘത്തില്‍ ഉള്‍പ്പെട്ട ഫൈസല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്. ഇബ്രാഹിം കലന്തറിനെതിരെ മേൽപറമ്പ, വിദ്യാനഗർ, മഞ്ചേശ്വരം, കർണാടകയിലെ ബണ്ട് വാൾ, പുത്തൂർ ടൗൺ, പുത്തൂർ റൂറൽ, ഉപ്പിനങ്ങാടി, വിട് ല, കുശാല്‍ നഗർ, വീരാജ്പേട്ട എന്നിവിടങ്ങളിൽ കേസുകളുണ്ട്. കവർച്ചയ്ക്ക് ഉപയോഗിച്ച കെഎൽ14 ആർ 1294 ആൾടോ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
#interstatetheft #gangleaderarrested #kasargodnews #karnatakacrimes #keralacrimes #templetheft #vehicletheft #policeinvestigation