Investigation | ഐബി ഉദ്യോഗസ്ഥയുടെ മരണം: പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിൽ സംഭവിച്ചത് എന്ത്? നിർണായകമായി ലോക്കോ പൈലറ്റിന്റെ മൊഴി; അവസാനം വിളിച്ചയാളെ കണ്ടെത്താൻ പൊലീസ്
● മേഘ ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്നുവെന്ന് മൊഴി.
● ട്രാക്കിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറയുന്നു.
● മേഘയുടെ ഫോൺ സൈബർ പൊലീസിൻ്റെ സഹായത്തോടെ പരിശോധിക്കും.
തിരുവനന്തപുരം: (KasargodVartha) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇൻ്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മുൻ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനൻ - പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷ ദമ്പതികളുടെ ഏക മകൾ മേഘ (25) ആണ് മരണപ്പെട്ടത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലുള്ള റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാവിലെ 9.15 മണിയോടെയാണ് മേഘയുടെ മൃതദേഹം നാട്ടുകാർ ആദ്യം കണ്ടത്.
പ്രദേശവാസികൾ ഉടൻ തന്നെ പേട്ട പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ ഐ ഡി കാർഡ് കണ്ടെത്തി. ഇതിലൂടെയാണ് മരിച്ചത് മേഘയാണെന്ന് തിരിച്ചറിഞ്ഞത്. രാത്രി ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് യുവതിയെ തട്ടിയത്.
സംഭവത്തെക്കുറിച്ച് ലോക്കോ പൈലറ്റ് ആണ് ഇപ്പോൾ പൊലീസിന് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയത്. ഇത് ആത്മഹത്യയാണെന്ന സംശയത്തിന് ബലം നൽകുന്നുണ്ടെങ്കിലും പൊലീസ് എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ട്.
ഐബി ഉദ്യോഗസ്ഥയായ മേഘയുടെ മരണം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പേട്ട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സമയം മേഘ ആരോടാണ് ഫോണിൽ സംസാരിച്ചത് എന്ന് കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുകയാണ്. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിൻ്റെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ ശേഖരിക്കും.
ഫോറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. എട്ട് മാസം മുൻപാണ് തിരുവനന്തപുരത്ത് ഐബിയിൽ ജോലിക്ക് പ്രവേശിച്ചത്. തുടർന്ന് ചാക്കയ്ക്ക് സമീപം താമസമാക്കുകയായിരുന്നു. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. മേഘയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
An Immigration Intelligence Bureau officer, Megha, was found dead on a railway track between Petta and Chakka in Thiruvananthapuram. The loco pilot's statement suggests a possible suicide. Police are investigating all angles.
#KeralaNews, #IBOfficerDeath, #Thiruvananthapuram, #TrainAccident, #PoliceInvestigation, #Suicide