കള്ളക്കടത്ത് സ്വർണം ഉടമക്ക് നൽകാത്തതിന് യുവാക്കളെ കൊന്ന് കാസർകോട്ട് കുഴിച്ചുമൂടിയ കേസിൽ മൂന്നു പേർക്കും ജീവപര്യന്തം തടവും പിഴയും
-
മംഗളൂരുവിലെ ഫ്ലാറ്റിൽ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
-
കുണ്ടംകുഴിയിലെ മലഞ്ചെരുവിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ.
-
സ്വർണം നൽകാത്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.
-
പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.
-
പ്രതികൾക്ക് 10,000 രൂപ പിഴയും മൂന്നുമാസം അധിക തടവും വിധിച്ചു.
മംഗളൂരു: (KasargodVartha) കള്ളക്കടത്ത് സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തി കാസർകോട് കുഴിച്ചുമൂടിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുനാഫത്ത് മുനാഫർ സനാഫ് (35), മുഹമ്മദ് ഇർഷാദ് (35), മുഹമ്മദ് സഫ് വാൻ (34) എന്നിവരെയാണ് മംഗളൂരു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. തലശ്ശേരി സൈദാർ പള്ളിക്ക് സമീപം നഫീർ (24), കോഴിക്കോട് കുറ്റിച്ചിറ തൃക്കോവിൽ ഫഹീം (25) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലാണ് ഈ വിധി.
കഴിഞ്ഞ 10-ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 2014 ജൂലൈ ഒന്നിനാണ് മംഗളൂരുവിലെ അത്താവറിലെ ഫ്ലാറ്റിൽ വെച്ച് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ഒരാഴ്ച കഴിഞ്ഞ് കാസർകോട് ബേഡകം സ്റ്റേഷൻ പരിധിയിലെ കുണ്ടംകുഴി മരുതടുക്കം ശങ്കരങ്ങാട്ടെ മലഞ്ചെരുവിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗൾഫിൽനിന്ന് കടത്തിയ സ്വർണം കള്ളക്കടത്തുകാർക്ക് നൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സ്വർണം വിറ്റ് പണം വാങ്ങിയതറിഞ്ഞ കള്ളക്കടത്ത് സംഘം തങ്ങളെ സമീപിക്കുമെന്ന് ഭയന്നാണ് യുവാക്കളെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പ്രതികൾ കുണ്ടംകുഴിയിൽ വാങ്ങിയ സ്ഥലത്താണ് മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം മുകളിൽ തെങ്ങിൻ തൈകൾ വെച്ചത്. മൃതദേഹങ്ങൾ കൊണ്ടുപോവാനുപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിലാണ് കോടതിയുടെ അന്തിമ വിധി വന്നത്.
Summary: Three men received life sentences for murdering two young men in Kasaragod over a smuggled gold dispute. The victims were killed in Mangaluru and buried in Kasaragod.
#KeralaCrime, #GoldSmuggling, #DoubleMurder, #Kasaragod, #LifeSentence, #CourtVerdict






