Drug Seizure | പെരുന്നാൾ ദിനത്തിൽ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ലോഡ്ജിൽ തങ്ങിയ യുവതി-യുവാക്കൾ മയക്കുമരുന്നുമായി പിടിയിൽ
● മുഹമ്മദ് ഷംനാദ്, മുഹമ്മദ് ജെംഷിൽ (37), റഫീന (24), ജസീന (22) എന്നിവരെയാണ് പിടികൂടിയത്
● മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും കണ്ടെടുത്തു
● ലഹരിവസ്തുക്കൾ നൽകിയതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് എക്സൈസ് അന്വേഷിച്ചു വരികയാണ്.
തളിപ്പറമ്പ്: (KasargodVartha) പറശ്ശിനിക്കടവ് കോൾമൊട്ടയിലെ ഒരു ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 490 മില്ലി ഗ്രാം എംഡിഎംഎയുമായി നാല് പേരെ പിടികൂടിയതായി തളിപ്പറമ്പ് എക്സൈസ് അറിയിച്ചു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മുഹമ്മദ് ഷംനാദ്, മുഹമ്മദ് ജെംഷിൽ (37), റഫീന (24), ജസീന (22) എന്നിവരെ പിടികൂടിയതെന്നാണ് വിവരം. ഇവരിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും കണ്ടെടുത്തതായും എക്സൈസ് പറയുന്നു.
യുവതികൾ പെരുന്നാൾ ദിവസം ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നു എന്ന് വീട്ടിൽ പറഞ്ഞിറങ്ങിയ ശേഷം പല സ്ഥലങ്ങളിലെ ലോഡ്ജുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന സൂചന. വീട്ടിൽ നിന്ന് വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും പറയുന്നു. പിടികൂടിയപ്പോഴാണ് വീട്ടുകാർ ഇവർ ലോഡ്ജിലാണ് താമസിച്ചിരുന്നതെന്ന് അറിഞ്ഞതെന്നാണ് വിവരം. ഇവർക്ക് ലഹരിവസ്തുക്കൾ നൽകിയതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് എക്സൈസ് അന്വേഷിച്ചു വരികയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.വി. ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവൻ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്, കലേഷ്, സനെഷ്, പി. വി. വിനോദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ഇവർക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്നും അന്വേഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു. നേരത്തെ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് മേഖലയിലെ ലോഡ്ജിൽ മുറിയെടുത്ത് ഡി.ജെ. പാർട്ടി നടത്തിയ യുവതി-യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Excise officials in Thaliparamba arrested four individuals, including young women, in a lodge at Parassinikkadavu Kolmotta with 490 milligrams of MDMA and drug paraphernalia. The women had reportedly misled their families and were using drugs in lodges. Excise is investigating the source of the drugs and potential accomplices.
#Parassinikkadavu #DrugArrest #MDMA #Excise #KeralaNews #Drugs