Tragic Incident | കുടുംബ പ്രശ്നം; കാസർകോട്ട് ജേഷ്ഠൻ കൊല്ലപ്പെട്ടു; അനുജൻ പൊലീസ് കസ്റ്റഡിയിൽ
● തടയാൻ ശ്രമിച്ച ഗോപി, മണി എന്നിവർക്ക് കൈക്കും മറ്റും പരിക്കേറ്റു.
● നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കാസർകോട്: (KasargodVartha) കുടുംബ പ്രശ്നത്തെ തുടർന്ന് കാസർകോട്ട് ജേഷ്ഠനെ അനുജൻ കുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ്. പരവനടുക്കം മാവില റോഡിലെ പേര വളപ്പിൽ ചന്ദ്രൻ (51) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനുജനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് വഴക്കിന് തുടക്കമെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടുംബസ്വത്ത് തൻ്റെ പേരിൽ ആക്കിതരണമെന്ന് അനുജൻ ആവശ്യപ്പെട്ടതായി പറയുന്നു. എന്നാൽ സ്ഥിരമായി വീട്ടിൽ വരാത്ത ഇയാൾക്ക് ആധാർ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ സ്വത്ത് ഭാഗം വെക്കാൻ കഴിഞ്ഞില്ലെന്നും ഇതിൻ്റെ പേരിലാണ് വഴക്കുണ്ടാക്കിയതെന്നും പറയുന്നു. ഒരു തവണ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞപ്പോൾ കത്തി താഴെ വീണതായും പിന്നീട് വീണ കത്തിയെടുത്ത് ചന്ദ്രൻ്റെ നെഞ്ചിൽ കുത്തിയെന്നുമാണ് പറയുന്നത്. ആശുപത്രിയിലെത്തിക്കാൻ റോഡില്ലാത്തതിനാൽ താങ്ങിയെടുത്ത് ഏറെ ദൂരം നടന്നാണ് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ചന്ദ്രൻ്റെ നെറ്റിയിലും മുറിവേറ്റിരുന്നു.
തടയാൻ ശ്രമിച്ച ഗോപി, മണി എന്നിവർക്ക് കൈക്കും മറ്റും പരിക്കേറ്റു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ നാട്ടുകാർ പിടികൂടി മേൽപ്പറമ്പ് പൊലീസിനെ ഏൽപ്പിച്ചു.
#KasaragodIncident #FamilyDispute #KeralaNews #PropertyConflict #TragicDeath #PoliceInvestigation