Drug Trafficking | 'ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാനെത്തി'; മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
● ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അൻസാർ (26) ആണ് അറസ്റ്റിലായത്.
● മുക്കുപണ്ടം പണയം വെച്ചു വൻ തുക കൈക്കലാക്കാനുള്ള പദ്ധതിയാണ് പാളിയത്.
● ബിഎൻഎസ് 318 (4) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കുമ്പള: (KasargodVartha) ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാനെത്തിയ മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അൻസാർ (26) ആണ് അറസ്റ്റിലായത്. കുമ്പള ടൗണിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ് ബ്രാഞ്ച് ഇൻചാർജ് കെ ഷൈനിയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
'വെള്ളിയാഴ്ച വൈകിട്ട് 02.45 മണിയോടെ യുവാവ് സ്വർണം പണയം വെക്കാൻ ഉണ്ടെന്ന് പറഞ്ഞ് സ്വർണ നിറത്തിലുള്ള ഒരു മാല എടുത്തു നൽകുകയായിരുന്നു. മാല ഇലക്ട്രോണിക് വെയിങ് മെഷീനിൽ വെച്ചു തൂക്കം നോക്കിയപ്പോൾ 31.90 ഗ്രാം (ഏകദേശം നാല് പവൻ) തൂക്കം ഉണ്ടെന്ന് കണ്ട് ആഭരണം ഓഫീസ് സ്റ്റാഫായ ശ്രീരക്ഷയുടെ കൈവശം കൊടുത്ത് സ്വർണം ആണോ എന്നു പരിശോധിക്കാൻ പറഞ്ഞു. ശ്രീരക്ഷ ആഭരണം ഉരച്ച് നോക്കിയപ്പോൾ സ്വർണമല്ല എന്നു തോന്നിയതിനാൽ ആസിഡ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് ബോധ്യപ്പെട്ടത്', പരാതിയിൽ പറയുന്നു.
യുവാവിനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാതെ കടന്നു കളയാൻ ശ്രമിച്ചപ്പോൾ ഷൈനി ഓഫീസിന്റെ ഗ്രിൽസ് അടച്ച് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് ,എസ് ഐ വിജയൻ എന്നിവർ കുതിച്ചെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുക്കുപണ്ടം പണയം വെച്ചു വൻ തുക കൈക്കലാക്കാനുള്ള പദ്ധതിയാണ് പാളിയത്. ബിഎൻഎസ് 318 (4) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അറസ്റ്റിലായ പ്രതിക്കെതിരെ ഹൈദരാബാദിൽ നിന്നും 100 കിലോ കഞ്ചാവും അഞ്ച് കിലോ ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ചതിന് ഹൈദരാബാദ് പൊലീസിൽ കേസ് നിലവിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് മൊബൈൽ ഫോൺ കവർന്ന കേസ്, കണ്ണൂർ ചക്കരക്കല്ലിൽ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് യുവതിയെ കൊണ്ടുപോയതിന് ജുവനൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്. പൊതു സ്ഥലത്ത് മദ്യപിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയതിന് കാസർകോട് സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ വികെ വിജയനാണ് അന്വേഷണ ചുമതല. പ്രതിയെ വൈകീട്ടോടെ കേടതിയിൽ ഹാജരാക്കും.
#Kasargod #FakeGold #CrimeNews #DrugTrafficking #KeralaPolice #Fraud