Police FIR | എടനീര്‍ മഠാധിപതിയുടെ കാറിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധങ്ങൾക്കൊടുവിൽ കേസെടുത്തു
● സംഭവം ബോവിക്കാനം ബാവിക്കര റോഡിൽ
● സൈഡ് ഗ്ലാസ് തകർത്തതായി പരാതി
● ബിജെപി ഡിജിപിക്ക് പരാതി നൽകിയിരുന്നു
കാസര്‍കോട്: (KasargodVartha) പ്രതിഷേധങ്ങൾക്കൊടുവിൽ എടനീര്‍ മഠാധിപതി സച്ചിതാനന്ദ തീര്‍ത്ഥ സ്വാമികളുടെ കാറിനു നേരെ ഉണ്ടായ അക്രമ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ മധൂരിലെ കെഎസ് സതീഷിൻ്റെ (53) പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോവിക്കാനം ബാവിക്കര റോഡ് ജംഗ്ഷനില്‍ വെച്ച് മഠാധിപതിയുടെ കാറിനു മാര്‍ഗതടസം സൃഷ്ടിച്ച് സൈഡ് ഗ്ലാസില്‍ വടി കൊണ്ട് അടിച്ച് 5,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.
മഠാധിപതിയുടെ കാറിനു നേരെയുണ്ടായ അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്നിൻ്റെ നേതൃത്വത്തിൽ മഠത്തിന് സമീപം സർവകക്ഷി പ്രതിഷേധം നടന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.
ഇരിയണ്ണി മുതൽ ബോവിക്കാനം വരെ റോഡിൽ സംസ്ഥാന സൈക്ലിംഗ് മത്സരം നടക്കുന്നതിനാൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ചുമതലപ്പെടുത്തിയവരിൽ ചിലർ മഠാധിപതിയുടെ കാർ തടഞ്ഞ് അക്രമം നടത്തിയെന്നാണ് ആരോപണം.
#EdaneerMutt #Attack #Protest #Kasaragod #Kerala