Drug Bust | ലഹരിവേട്ട: പോളിടെക്നിക് വിദ്യാർഥി ഉൾപ്പെടെ 35 പേർ പിടിയിൽ; കുസാറ്റ് പരിസരത്തും പരിശോധന
● കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി.
● കളമശ്ശേരിയിൽ മൂന്നും തൃക്കാക്കരയിൽ ഒരാളുമാണ് പിടിയിലായത്.
● രണ്ട് പേർ പിടിയിലായത് കുസാറ്റിന് പരിസരത്ത് നിന്നാണ്.
കൊച്ചി: (KasargodVartha) കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയായ കൊല്ലം സ്വദേശി അനുരാജാണ് പിടിയിലായത്. ഇതോടെ ലഹരി വേട്ടയിൽ പിടിയിലായവരുടെ എണ്ണം 35 ആയി. അനുരാജിൻ്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കും. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് അനുരാജാണെന്ന് നേരത്തെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. അനുരാജ് നാല് കിലോ കഞ്ചാവ് വാങ്ങിയിരുന്നു. ഇതിൽ രണ്ടു കിലോ കഞ്ചാവാണ് കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ എത്തിച്ചത്.
കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് ഇടപാടുകളിൽ വിദ്യാർഥികൾക്ക് രാഷ്ട്രീയം മറന്നുള്ള ഐക്യമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത് ആകാശിൻ്റെ മുറിയിൽ നിന്നാണ്. വിദ്യാർഥികളിൽ നിന്നും പിരിച്ച പണം പൂർവ്വ വിദ്യാർഥികളായ ആഷിക്, ഷാലിക് എന്നിവർക്കാണ് നൽകിയത്. ഇവരാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചതും വിതരണം ചെയ്യാൻ തയ്യാറാക്കിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം, ആകാശ് പൊലീസ് കസ്റ്റഡിയിലിരിക്കെ വന്ന ഒരു ഫോൺ കോളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘ആകാശേ സേഫ് അല്ലേ...? എന്നാണ് ആകാശിൻ്റെ ഫോണിലേക്ക് വന്ന കോൾ. ഇത് ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻ്റെ മിന്നൽ പരിശോധന നടത്തി. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ മൂന്നും തൃക്കാക്കരയിൽ ഒരാളുമാണ് പിടിയിലായത്. രണ്ട് പേർ പിടിയിലായത് കുസാറ്റിന് പരിസരത്ത് നിന്നാണ്. മദ്യക്കുപ്പികൾക്ക് പുറമെ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കം ഹോസ്റ്റലുകളിൽ നിന്നും കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേരും പിടിയിലായി.
കൊച്ചിയിൽ രാത്രി ലഹരിമരുന്നുമായി 30 പേർ പിടിയിലായി. ഡാൻസാഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളാണ് ഇവരെ പിടികൂടിയത്. കളമശ്ശേരിയിലും വൈറ്റില ഹബിലും എ.സി.പി.മാരായ പി.വി. ബേബി, പി. രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A total of 35 people, including a Polytechnic student, were arrested in a drug bust around Kalamassery and Cusat. Various inspections led to several drug seizures.
#DrugBust, #KochiNews, #Cusat, #Polytechnic, #Arrests, #DrugSeizure