Misconduct | 'കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ഡോക്ടറോട് അസഭ്യം പറഞ്ഞ് രോഗി', ജോലിയും തടസപ്പെടുത്തിയതായി പരാതി; കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി
● ടോകൻ ഇല്ലാതെ എത്തിയ രോഗിയെ പരിശോധിക്കണമെന്നായിരുന്നു ആവശ്യം
● ഡോക്ടർ അഹ്മദ് സാഹിറാണ് പരാതി നൽകിയത്
കാസർകോട്: (KasargodVartha) ടോകൻ ഇല്ലാതെ വന്ന രോഗിയെ പരിശോധിക്കാൻ തയ്യാറാകാത്തതിന് കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ഡോക്ടറെ അസഭ്യം പറയുകയും മറ്റ് രോഗികളെ പരിശോധിക്കുന്നതിൽ നിന്നും തടഞ്ഞുകൊണ്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂനിയർ കൺസൾടൻറ് (ഓർതോ) ഡോ. അഹ്‌മദ് സാഹിറിന്റെ പരാതിയിൽ മുഹമ്മദ് ശാഫി എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബർ രണ്ടിന് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് ശാഫി തന്റെ 13 വയസുള്ള മകന്റെ കയ്യിലെ എല്ല് പൊട്ടിയതിന്റെ തുടർ ചികിത്സക്കായി കൊണ്ടുവന്നിരുന്നു.
ആദ്യത്തെ എക്സ്-റേ പരിശോധിച്ച ശേഷം വീണ്ടും എക്സ്-റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. എക്സ്-റേ എടുത്ത് 12 മണിയോടെ ഡോക്ടർ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ശാഫി തന്റെ ബന്ധുവിനെ ആദ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു രോഗികൾ കാത്തുനിൽക്കുന്നതിനാൽ അവരെ ആദ്യം പരിശോധിച്ച ശേഷം നോക്കാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഇതിൽ ക്ഷുഭിതനായ മുഹമ്മദ് ശാഫി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് ഡോക്ടർ സുരക്ഷാ ജീവനക്കാരെ വിളിച്ചു. സുരക്ഷാ ജീവനക്കാരും മറ്റു ആശുപത്രി ജീവനക്കാരും എത്തിയതോടെ മുഹമ്മദ് ശാഫി കാബിനിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബി എൻ എസ് 132, 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
#Kasaragod #Kerala #India #doctormisbehavedwith #hospitalmisconduct #healthcare #respectdoctors