Scam | 'പുനര്‍ വിവാഹ വാഗ്ദാനം നല്‍കി കാസര്‍കോട് സ്വദേശിനിയുടെ വിദഗ്ധ തട്ടിപ്പ്': കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍
● ഡോക്ടറെ പുനർവിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു.
● കാസർകോട് സ്വദേശിനി അടക്കം മൂന്നു പേർ അറസ്റ്റിൽ.
● പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കോഴിക്കോട്: (KasargodVartha) പുനര്‍വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രണ്ടുപേരെ കൂടി നടക്കാവ് പൊലീസ് പിടികൂടി. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി മുഹമ്മദ് സലീം എന്നിവരാണ് പിടിയിലായത്. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ കാസര്‍കോട് സ്വദേശിനി ഇര്‍ശാനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'വിരമിച്ച ഡോക്ടര്‍ തന്റെ പുനര്‍വിവാഹ താത്പര്യം അറിയിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തട്ടിപ്പ് സംഘം, ഇര്‍ശാനയെ മുന്‍നിര്‍ത്തി ഡോക്ടറെ സമീപിക്കുകയായിരുന്നു. ഇര്‍ശാന, മലപ്പുറം സ്വദേശിയായ മുഹമ്മദ് സലീമിന്റെ സഹോദരിയാണെന്ന് ഡോക്ടറെ വിശ്വസിപ്പിച്ചു. കുടക് സ്വദേശിയായ മാജിദും സംഘത്തില്‍ ഉണ്ടായിരുന്നു. വയനാട്ടിലെ ഒരു ക്ലിനികില്‍ വെച്ച് ഇര്‍ശാനയും ഡോക്ടറും തമ്മില്‍ വിവാഹം ഉറപ്പിച്ചു.
തുടര്‍ന്ന്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു ഹോടലില്‍ വെച്ച് ഇവര്‍ വിവാഹിതരായി. വിവാഹശേഷം, വാടകയ്ക്ക് വീടെടുക്കാനെന്ന് പറഞ്ഞ് സംഘം ഡോക്ടറില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കലാക്കി. ഡോക്ടര്‍ പള്ളിയില്‍ പോയ സമയം നോക്കി, 5.60 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങുന്ന അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഇവര്‍ കടന്നുകളഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു'.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് നിന്ന് മാജിദിനെയും സലീമിനെയും പൊലീസ് പിടികൂടിയത്. പരാതിക്കാരന്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സലീമാണ് ഇര്‍ശാനയുടെ സഹോദരന്‍ എന്ന വ്യാജേന വിവാഹ കാര്യത്തില്‍ ഇടപെട്ടതെന്നും മാജിദ് കല്യാണ ബ്രോകറായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ മുന്‍പും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
#marriagescam #Kerala #fraud #police #arrest #cybercrime