city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Financial Fraud | ധർമസ്ഥല ഗ്രാമവികസന പദ്ധതിയുടെ വെള്ളരിക്കുണ്ടിലെ പ്രൊജക്റ്റ് ഓഫീസ് അടച്ചുപൂട്ടി; നിക്ഷേപകർക്ക് വിശദീകരണം നൽകിയ ശേഷം മാത്രം സാധന സാമഗ്രികൾ കൊണ്ടുപോയാൽ മതിയെന്ന് പൊലീസ് നിർദേശം

Photo: Arranged

● കുടുംബശ്രീ മാതൃകയിൽ വായ്പയും നിക്ഷേപവും സ്വീകരിച്ച സ്ഥാപനം
● സ്ഥാപനത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു 
● പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി; രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങളുണ്ടാക്കി ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ്‌ പ്രോഗ്രാം ബാങ്ക്‌ ബിസിനസ് കറസ്‌പോൻഡന്റ്‌ ട്രസ്‌റ്റിന്റെ (എസ്‌കെഡിആർപി ബിസി ട്രസ്‌റ്റ്‌) പേരിൽ മൈക്രോ ഫിനാൻസ്‌ വായ്‌പാ വിതരണവും നിക്ഷേപവും സ്വീകരിച്ചിരുന്ന സ്ഥാപനത്തിന്റെ വെള്ളരിക്കുണ്ടിലെ പ്രൊജക്റ്റ്‌ ഓഫീസ് അടച്ചുപൂട്ടിയതായി പരാതി. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലായി വനിതകളുടെ 300 ഓളം ശാഖകൾ ഉള്ള ഈ സ്ഥാപനത്തിന്റെ ബാങ്ക് മാതൃകയിൽ  വെള്ളരിക്കുണ്ടിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് വ്യക്തമായ വിശദീകരണം അറിയിക്കാതെ അടച്ചുപൂട്ടിയതെന്ന് നിക്ഷേപകർ പറയുന്നു.

 Dharmasthala microfinance office closed.

കർണാടകയിലെ പ്രമുഖ ക്ഷേത്രത്തിന്റെ പേരിലുള്ളഈ മൈക്രോ ഫിനാൻസ്‌ സ്ഥാപനം ഒരു വർഷം മുൻപാണ് വെള്ളരിക്കുണ്ടിൽ സജീവമായത്. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി കൊണ്ടായിരുന്നു തുടക്കം. കഷ്ടത അനുഭവിക്കുന്നവരെ സഹായിച്ചും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തും അതുവഴി പഞ്ചായത്തുകളിലും സ്ഥാനം ഉറപ്പിച്ച ശേഷമായിരുന്നു നിക്ഷേപത്തിലേക്കും വായ്‌പാവിതരണത്തിലേക്കും ഇവർ  നീങ്ങിയത്. മാത്രമല്ല മലയോരത്തെ ക്ഷേത്രങ്ങളിൽ ലക്ഷം രൂപയിൽ കുറയാത്ത സംഭാവനകളും നൽകി. ആളുകൾ ഇതിൽ വീണതോടെ ഈ സ്വകാര്യ ധന ഇടപാട് സംഘത്തിന്റെ വളർച്ച അതിവേഗമായി.

ഈ സ്ഥാപനം കർണാടകയിലും കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലുമായി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി മുൻപ് ആരോപണമുണ്ടായിരുന്നു. കർണാടകയിലും, കാസർകോട്‌ ജില്ലയിലുമായി 64 ലക്ഷം പേരെ അംഗങ്ങളാക്കി 10 രൂപ മുതൽ 100 രൂപ വരെ ആഴ്‌ചയിൽ പണം പിരിച്ചാണ്‌, വായ്‌പ നൽകുന്നതെന്ന് നിക്ഷേപകർ പറയുന്നു. കാസർകോട്‌ ജില്ലയിൽ മാത്രം ആറുലക്ഷം അംഗങ്ങളുണ്ടെന്നാണ് വിവരം. കർണാടകയിൽ കുടുംബശ്രീ മാതൃകയിലുള്ള സഞ്ജീവനി പദ്ധതിയിൽ 3.5 ശതമാനത്തിന്‌ വായ്‌പയുണ്ട്‌. സ്വയം സഹായ സംഘങ്ങൾക്കാണ്‌ വായ്പ നൽകുന്നത്‌. 

ഈ വായ്‌പ എസ്‌കെഡിആർപിബിസി ട്രസ്‌റ്റിന്റെ പേരിലുണ്ടാക്കിയ സ്വയം സഹായസംഘങ്ങളുടെ പേരിൽ ട്രസ്‌റ്റിലെ വട്ടിപ്പലിശക്കാർ വാങ്ങുകയും ഇവർ 13 ശതമാനത്തിലും കൂടുതൽ പലിശക്ക്‌ സ്വയംസഹായ അംഗങ്ങൾക്ക് നൽകുകയുമാണ് ചെയ്യുന്നതെന്നാണ് പറയുന്നത്. ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌ ബുക്കോ, വാങ്ങിയ പണത്തിന്‌ രസീതോ നൽകില്ലെന്നും ഓൺലൈൻ ഇടപാടുമില്ലെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ആഴ്‌ചയിൽ നൂറുകോടിയിലധികം രൂപ നേരിട്ടുള്ള കറൻസിയാണ്‌ സംഘം കൈപ്പറ്റുന്നത്‌. വായ്‌പക്കാരെ ഇൻഷുറൻസ്‌ ചെയ്യാൻ എന്ന പേരിലും പണം കൈപ്പറ്റുന്നതായി ആരോപണമുയർന്നിരുന്നു

20 വർഷത്തിലധികമായി കാസർകോട്‌ ജില്ലയിൽ  സജീവമാണ് എന്ന് അവകാശ വാദം ഉന്നയിക്കുന്ന ഈ സ്ഥാപനം ധർമസ്ഥല ക്ഷേത്രത്തിന്റെയും അധികാരി വീരേന്ദ്ര ഹെഗ്‌ഡെയുടെയും കുടുംബാംഗങ്ങളുടെയും ചിത്രം പതിപ്പിച്ച പാസ് ബുക്കാണ്‌ പണപ്പിവിരിവിനായി ഉപയോഗിക്കുന്നതെന്നും  ആരോപണമുണ്ട്. ജില്ലയിലെ ധർമസ്ഥല മൈക്രോഫിനാൻസ്‌ വായ്‌പ തട്ടിപ്പ്‌ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ചിലർ നേരത്തെ പരാതി നൽകിയിരുന്നു. പരാതികളിന്മേൽ പൊലീസും ക്രൈംബ്രാഞ്ച്‌ സംഘവും അന്വേഷണം നടത്തി വരുന്നുണ്ട്.

ഇതിനിടയിലാണ് വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഓഫീസ് അടച്ചു പൂട്ടിയത്. ആളുകൾ വിവരം അറിയിച്ചതനുസരിച്ച് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത്‌ എത്തി വിവരങ്ങൾ ആരാഞ്ഞതായും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോട് നിർദേശം നൽകിയതായും അറിയുന്നു. നിക്ഷേപകർക്കും സംഗത്തിൽ നിന്നും വായ്പയും മറ്റും നേടിയവരോടും വ്യക്തമായ വിശദീകരണം നൽകിയ ശേഷം മാത്രമേ ഓഫീസിലെ മറ്റ് ഫർണിച്ചർ സാധനങ്ങൾ കടത്തി കൊണ്ട് പോകുവാൻ പാടുള്ളു എന്നും പൊലീസ് നിർദേശിച്ചതായാണ് സൂചന.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

The Vellarikundu project office of the Dharmasthala Rural Development Project, which collected microfinance loans and deposits, has been closed. Police have instructed to move materials only after explaining to investors.

#FinancialFraud, #SKDRPBC, #Vellarikundu, #KasargodNews, #Microfinance, #PoliceInvestigation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub