Crime | ഭാര്യയും മറ്റ് മക്കളും അടക്കമുള്ള പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിട്ടും നിർണായകമായി തെളിവുകൾ; പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി
● രക്തസാമ്പിളുകളും അനീഷിന്റെ കയ്യിലെ മുറിവും കേസിൽ വഴിത്തിരിവായി.
● 39 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
● പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു.
കാസർകോട്: (KasargodVartha) ഭാര്യയും മറ്റ് മക്കളും അടക്കമുള്ള പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിട്ടും, പിതാവിനെ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്ന കേസിൽ പ്രതിയായ മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടിൽ ദാമോദരനെ (62) വിറകു കൊള്ളി കൊണ്ടു തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകൻ അനീഷിനെ (36 ) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കൊലക്കേസിൽ ദൃക്സാക്ഷികളായിരുന്ന കൊല്ലപ്പെട്ട ദാമോദരൻ്റെ ഭാര്യ രാധാമണി, മറ്റ് മക്കളായ സനീഷ്, ദിവ്യ എന്നിവരും അയൽവാസികളടക്കമുള്ള പ്രധാന സാക്ഷികളും മൊഴി മാറ്റിപ്പറഞ്ഞ് കൂറുമാറിയിരുന്നു. 2019 ജൂൺ 28 ന് രാത്രി 11.45 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മദ്യവും വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തു നിന്നും സ്വന്തം വീട്ടിലെത്തിയ പ്രതിയും അച്ഛനും മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പ്രോസിക്യുഷൻ വാദിച്ചത്.
ദാമോദരൻ ഭാര്യ രാധാമണിയെ വാക്കത്തിയുമായി അക്രമിക്കാൻ ശ്രമിച്ചപ്പോൾ കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ അനീഷിന് കൈക്ക് പരിക്കേറ്റതായും നിങ്ങളുടെ ശല്യം ഇന്ന് തീർത്തു തരാമെന്ന് പറഞ്ഞ് വീട്ടിലെ വിറക് ഷെഡിൽ നിന്ന് വിറക് കൊള്ളി എടുത്ത് വന്ന് ദാമോദരൻ്റെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചോര വാർന്ന് ദാമോദരൻ മരിച്ചുവെന്നുമാണ് പൊലീസ് കേസ്.
പ്രധാന സാക്ഷികളെല്ലാം കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയിൽ പ്രതിയുടെ കൈക്കേറ്റ മുറിവും ദാമോദരൻ്റെ വസ്ത്രത്തിൽ നിന്നും മറ്റ് തൊണ്ടിമുതലുകളിൽ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിൻ്റെ സാമ്പിളിൻ്റെ പരിശോധനാ ഫലവും കേസിൽ നിർണായകമായി.
പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷം ഹാജരാക്കിയ മജിസ്ട്രേറ്റിനെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളയാണ് വിസ്തരിച്ചത്. 39 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. ചിറ്റാരിക്കൽ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ പി വിനോദ് കുമാർ ആണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന മറ്റൊരു പോക്സോ കേസും നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ കൂടിയായ പബ്ലിക് പ്രോസിക്യൂടർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. പ്രോസിക്യൂടറായി ചുമതലയേറ്റ് രണ്ട് വർഷത്തിനുള്ളിൽ കൊലപാതക കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന പന്ത്രണ്ടാമത്തെ കൊലക്കേസാണിത്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Despite key witnesses turning hostile, the court convicted the son for the brutal murder of his father using an axe, based on circumstantial and scientific evidence.
#MurderCase, #CourtVerdict, #Kasargod, #Crime, #ScientificEvidence, #Justice