Conviction | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; 3 പ്രതികളെ വെറുതെവിട്ടു; ശിക്ഷാവിധി ചൊവ്വാഴ്ച
● 17 വർഷത്തിന് ശേഷം വിധി.
● 2008 മാർച് 27 നാണ് കുണ്ടാർ ബാലൻ കൊല്ലപ്പെട്ടത്.
● ഒന്നാം പ്രതി രാധാകൃഷ്ണനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
കാസർകോട്: (KasargodVartha) കോൺഗ്രസ് നേതാവ് ആദൂരിലെ കുണ്ടാർ ബാലൻ വധക്കേസിൽ ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മൂന്ന് പ്രതികളെ വെറുതെവിട്ടു. ഒന്നാം പ്രതിക്കെതിരെയുള്ള ശിക്ഷ ചൊവ്വാഴ്ച പറയും.
കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയയാണ് ഒന്നാം പ്രതി ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാധാകൃഷ്ണൻ എന്ന വി രാധാകൃഷ്ണനെ (55) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രണ്ടും മൂന്നും നാലും പ്രതികളായ വി ജയൻ, കെ കുമാരൻ, ദിലീപ് കുമാർ എന്നിവരെയാണ് വെറുതെ വിട്ടത്. ഇവരെല്ലാം ബി ജെ പി പ്രവർത്തകരായിരുന്നു.
2008 മാർച് 27 നാണ് കുണ്ടാർ ബാലൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധം കാരണം ബി ജെ പി പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വഴിതർക്ക പ്രശ്നത്തിൽ മറ്റൊരാൾക്ക് വേണ്ടി ഇടപെട്ടതിൻ്റെ വിരോധമാണ് കൊലപാതത്തിൻ്റെ പ്രധാന കാരണമെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ആദ്യം ആദൂർ പൊലീസും പിന്നീട് കുടുംബത്തിൻ്റെ നിരന്തരമായ പോരാട്ടത്തെ തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിലാണ് 17 വർഷത്തിന് ശേഷം മുഖ്യപ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
#CrimeNews #KeralaCourt #KundarBalan #JusticeServed #PoliticalViolence #KeralaUpdates