തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെ അയൽവാസിയുടെ ആക്രമണമെന്ന് പരാതി
കൊച്ചി: (www.kasargodvartha.com 21.09.2021) തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെ അയൽവാസിയുടെ ആക്രമണമെന്ന് പരാതി. കളമശേരി എച്ച് എം ടി കോളനിക്ക് സമീപം മൂന്നുവര്‍ഷമായി സ്ഥിരതാമസമാക്കിയ മലേഷ്യന്‍ യുവതിയായ പൂജ തെരാഷാ സ്റ്റാന്‍സ്ലസാണ് സംഭവത്തെ കുറിച്ച് പരാതി നല്‍കിയത്.
അയല്‍വാസി മരത്തടികൊണ്ട് അടിക്കാന്‍ വന്നെന്നും അസഭ്യം പറഞ്ഞെന്നും തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്നകാരണമെന്ന് യുവതി പറയുന്നു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് അയല്‍വാസിയുടെ മറുപടി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍ എത്തിയപ്പോള്‍ പരിചയപ്പെട്ട ഇറ്റാലിയന്‍ പൗരനുമായി വീടു വാങ്ങിയാണ് ഇവര്‍ താമസിക്കുന്നത്. നിലവില്‍ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാല്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നായയാണ് കൂട്ടിനുള്ളത്. മൃഗസ്‌നേഹിയായതിനാല്‍ സമീപത്തുള്ള നായ്ക്കള്‍ക്ക് തീറ്റ കൊടുക്കുന്ന പതിവുണ്ട്.
നായ്ക്കള്‍ക്ക് തീറ്റകൊടുക്കുന്നത് കുറ്റകരമല്ലാത്തതിനാല്‍ പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കും സ്ത്രീയെന്ന നിലയില്‍ തനിക്കും സംരക്ഷണം നല്‍കണം. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമപ്രകാരം അയാള്‍ക്കതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും യുവതി പറഞ്ഞു.