Arrest | 'നിർത്തിയിടുന്ന ബസുകളില്‍ നിന്നും ഇന്ധനം ഊറ്റുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ'
കാസര്‍കോട്: (KasargodVartha) ഓട്ടം കഴിഞ്ഞ് നിർത്തിയിടുന്ന ബസുകളില്‍ നിന്നും ഇന്ധനം ഊറ്റുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശുകൂറിനെ (36) യാണ് ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മോഷണ മുതലായ ഇന്ധനം ചുളു വിലയ്ക്ക് വാങ്ങി മറിച്ചു വില്‍ക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിൽ രണ്ട് പേരാണ് ഉള്ളതെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. കർണാടക സ്വാദേശിയായ മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമ്പളയിലെ കോയിപ്പാടിയിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസുകളില്‍ നിന്നായി 285 ലിറ്റര്‍ ഡീസൽ കാറിലെത്തിയ സംഘം ഊറ്റിയത്. പമ്പിലെ സിസിടിവി കാമറയിലും പ്രതികൾ സഞ്ചരിച്ച മറ്റ് സ്ഥലങ്ങളിലെ കാമറകളിലെ ദൃശ്യങ്ങളും പിന്തുടര്‍ന്നാണ് ഡീസല്‍ ഊറ്റുന്ന സംഘത്തെ തിരിച്ചറിഞ്ഞത്.
ഡീസൽ കടത്താൻ ഉപയോഗിച്ച കാറിനെ കുറിച്ചും വിവരം ലഭിച്ചു. മോഷ്ടിച്ച ഡീസൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐ ശ്രീജേഷ്, പൊലീസ് ഓഫീസർമാരായ ചന്ദ്രൻ, സുധീഷ്, വിനോദ്, ഗോകുൽ മനോജ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.