Burglary | മോഷ്ടാക്കൾ പലരും ജയിലിലായതിന് പിന്നാലെ മഞ്ചേശ്വരത്ത് വീണ്ടും കവർച്ച; വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു
● പത്താം മൈലിലെ വീട്ടിൽ നിന്ന് ആറര പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു
● മഞ്ചേശ്വരം പൊലീസ് കേസിൽ അന്വേഷണം തുടങ്ങി
മഞ്ചേശ്വരം: (KasargodVartha) മോഷ്ടാക്കൾ പലരും ജയിലിലായതിന് പിന്നാലെ മഞ്ചേശ്വരത്ത് വീണ്ടും കവർച്ച. ഉദ്യാവർ പത്താം മൈലിനടുത്തു ചെറിയ പള്ളിക്കടുത്തെ പൊടിയ അക്ബറിന്റെ വീടിന്റെ വാതിൽ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കൾ ആറര പവൻ സ്വർണാഭരണവും 35,000 രൂപയും കവർച്ച ചെയ്‌തു.
മഞ്ചേശ്വരത്തുള്ള മകളുടെ ഭർത്താവിനെ വിദേശത്തേക്ക് യാത്ര അയക്കുന്നതിനു വ്യാഴാഴ്‌ച പൊടിയ അക്ബറും കുടുംബവും മംഗ്ളുറു വിമാനത്താവളത്തിൽ പോയിരുന്നു. മരുമകനെ യാത്രയയച്ച ശേഷം അക്ബറും കുടുംബവും അന്നു രാത്രി മളുടെ വീട്ടിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
അകത്ത് നോക്കിയപ്പോൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കാണപ്പെടുകയും അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
#ManjeshwaramTheft #GoldStolen #KeralaCrime #Burglary #KasaragodNews #PoliceInvestigation