Vigilance | ചോര തെറിച്ചതു കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, ഓട്ടോറിക്ഷയിലുള്ളത് കൊലക്കേസ് പ്രതി; പൊലീസ് സ്റ്റേഷനിലേക്ക് യു ടേണുമായി ഡ്രൈവർ മനോജ്; സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി
● വസ്ത്രത്തിലെ ചോരക്കറയാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
● പൊലീസ് സ്റ്റേഷനിലേക്ക് വണ്ടിതിരിച്ച് പ്രതിയെ കൈമാറി.
● നാട്ടുകാരും പൊലീസും മനോജിനെ അഭിനന്ദിച്ചു.
കണ്ണൂർ: (KasargodVartha) അണിയുന്നത് കാക്കിയാണെങ്കിലും പൊലീസല്ല മനോജ്. എന്നാൽ ഓട്ടോറിക്ഷ ഡ്രൈവറായ മനോജ് സമയോചിതമായി നടത്തിയ ഒരു നീക്കത്തിലൂടെ പ്രതിയെ അകത്താക്കാൻ കഴിഞ്ഞു. സിനിമയിലൊക്കെ കാണുന്നത് പോലെയുള്ള മാസ് നീക്കത്തെ പ്രശംസിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളും നാട്ടുകാരും. തളിപ്പറമ്പ് മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളി ഇസ്മാഈലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായത് ഈ ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ്.
ഓട്ടോറിക്ഷയില്‍ രാത്രിയിൽ കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിലേക്ക് വരുന്നതിനിടയിലാണ് തന്റെ വണ്ടിയില്‍ കയറിയിരിക്കുന്നയാളുടെ വസ്ത്രത്തിൽ പുരണ്ട ചോരത്തുള്ളികൾ മനോജ് ശ്രദ്ധിക്കുന്നത്. ഇതോടെയാണ് കൊലക്കേസ് പ്രതിയാണെന്ന് മനോജിന് സംശയം തോന്നിയത്. നാട്ടിലൊരു സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോൾ മൊറാഴയിൽ ഒരു കൊലപാതകം നടന്നത് വ്യക്തമായി. പ്രതിയുടെ ഫോട്ടോ വാട്സ്ആപ്പിൽ ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് തന്ത്രപരമായി മനോജ് നീങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കുളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഇസ്മാഈൽ കൊല്ലപ്പെട്ടത്. സുഹൃത്തായ ബംഗാള്‍ സ്വദേശി സുജോയ് ദോയിയാണ് പ്രതി. കൊലക്ക് ശേഷം മനോജിന്റെ ഓട്ടോറിക്ഷയിലാണ് പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടത്. സുജോയ് പ്രതിയാണെന്ന കാര്യം മനോജിന് അറിയില്ലായിരുന്നു. വളപട്ടണം എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം കൂട്ടുകാര്‍ മനോജിനെ ഫോണില്‍ വിളിച്ചറിയിക്കുന്നത്.
പ്രതി വണ്ടിയിലെ യാത്രക്കാരന്‍ ആണെന്ന് മനസിലാക്കിയ മനോജ് വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സിഐടിയു) കുളിച്ചാല്‍ യൂനിറ്റ് മെമ്പറാണ് മനോജ്. മുന്‍പ് മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ മനോജിന് ഹിന്ദി അറിയാമായിരുന്നു. അതിനാല്‍ സുജോയ്ക്ക് സംശയം തോന്നാത്ത വിധം പൊലീസ് സ്റ്റേഷനിലേക്കെത്തിക്കാന്‍ മനോജിനായി. മനോജിന്റെ ഇടപെടലിനെ കണ്ണൂര്‍ എസ് പി വിളിച്ചു വരുത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു. പ്രാദേശിക ക്ലബുകളും സംഘടനകളും അനുമോദന സമ്മേളനങ്ങൾ നടത്തിവരികയാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kannur auto-rickshaw driver Manoj helped police arrest a murder accused by noticing bloodstains on the passenger's clothes and strategically taking him to the police station. His quick thinking and bravery in the Morazha murder case are being widely praised on social media and by locals.
#Kannur #KeralaPolice #CrimeNews #AutoDriver #Bravery #PublicAppreciation