Acquittal | കൊലക്കേസിൽ പ്രതിയായിരുന്ന ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
● 47 സാക്ഷികളെ കോടതി വിസ്തരിച്ചു.
● സംഭവത്തിൽ 4 പ്രതികളെ കോടതി വെറുതെ വിട്ടു.
കാസർകോട്: (KasargodVartha) തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലെ പ്രതിയായിരുന്ന അണങ്കൂർ ജെ പി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന നാല് പേരെയും കാസർകോട് ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതി വെറുതെ വിട്ടു. എസ് ഡി പി ഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്‌റഫ് എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ് കെ പ്രിയ വെറുതെ വിട്ടത്.
2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂർ മാലികാർജുന ക്ഷേത്രത്തിന് സമീപം ടി എം റോഡിൽ ബൈകിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈകിന് പിന്നിൽ ഇടിക്കുകയും തുടർന്ന് വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
സംഭവസമയത്ത് ജ്യോതിഷിൻ്റെ ബൈകിന് പിന്നിൽ ഉണ്ടായിരുന്നതായി പറയുന്ന സുഹൃത്ത് ഉൾപ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാൽ, സംഭവം നടന്ന സ്ഥലത്തെ കുറിച്ചുള്ള അവ്യക്തതയും, സാക്ഷിമൊഴികളിലെ വൈരുധ്യവും, സംഭവം തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടുകളുമാണ് പ്രതികളെ വെറുതെ വിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ. വിനോദ് കുമാർ ചാമ്പള, അഡ്വ. സാകിർ അഹ്‌മദ്, അഡ്വ. മുഹമ്മദ് റഫീഖ്, അഡ്വ. ശരണ്യ എന്നിവർ ഹാജരായി.
കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായിരുന്ന ജ്യോതിഷിനെ പിന്നീട് 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തളങ്കരയിലെ സൈനുല്‍ ആബിദ്, ചൂരി ബട്ടംപാറയിലെ റിശാദ് കൊലപാതകം, സാബിത് വധഗൂഢാലോചന അടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്നു ജ്യോതിഷ്. ഇതിനു മുൻപ്, 2013 ഫെബ്രുവരി അഞ്ചിന് നാലാം മൈലിൽ വെച്ച് ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന മറ്റൊരു കേസിൽ ഇപ്പോൾ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod court acquitted four accused in the Jyothish murder attempt case, citing lack of evidence and contradictions in witness testimonies. Jyothish, who was involved in multiple cases, was later found dead in 2022.
#KasaragodCourt #MurderAttemptCase #JyothishCase #CourtVerdict #Acquittal #KeralaNews