Attack | യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം, ഗുരുതര പരുക്ക്; യുവാവ് അറസ്റ്റിൽ; ലഹരിക്ക് അടിമയെന്ന് ആരോപണം
● സംഭവം കോഴിക്കോട് ചെറുവണ്ണൂരിൽ
● ഫോർമിക് ആസിഡ് ഒഴിച്ചാണ് ആക്രമണം നടത്തിയത്.
● യുവതിയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു.
കോഴിക്കോട്: (KassargodVartha) യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് പ്രശാന്ത് കരടിപ്പറമ്പിലിനെ (36) മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച രാവിലെ ചെറുവണ്ണൂരിലെ ആയുർവേദ ആശുപത്രിയിൽ വെച്ചാണ് യുവതിക്ക് മുൻ ഭർത്താവിൽ നിന്ന് ആസിഡ് ആക്രമണമേറ്റത്. നടുവണ്ണൂർ സ്വദേശിനി പ്രബിഷ കരടിപ്പറമ്പിലാണ് (30) ആക്രമണത്തിന് ഇരയായത്.
പ്രബിഷയെ ഫോണിൽ വിളിച്ചു പലതവണ കാണണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് പ്രശാന്ത് ആശുപത്രിയിലെത്തിയത്. നടുവേദനയ്ക്ക് ചികിത്സ തേടി കഴിഞ്ഞ നാല് ദിവസമായി പ്രബിഷ ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ എത്തിയ പ്രശാന്ത്, കൈയിൽ കരുതിയിരുന്ന ഫോർമിക് ആസിഡ് പ്രബിഷയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി.
ആസിഡ് ആക്രമണത്തിൽ പ്രബിഷയുടെ മുഖത്തിന്റെ ഇടതുവശം, ഇടത് കണ്ണ്, നെഞ്ച്, പുറം എന്നിവിടങ്ങളിൽ ഗുരുതരമായ പൊള്ളലേറ്റു. ഉടൻതന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പ്രബിഷ നിലവിൽ അത്യാഹിത വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രണ്ടു വർഷം മുമ്പാണ് പ്രബിഷയും പ്രശാന്തും വിവാഹബന്ധം വേർപ്പെടുത്തിയത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്, അവർ പ്രശാന്തിനൊപ്പമാണ് താമസിക്കുന്നത്. പ്രശാന്ത് പ്രബിഷയെ കുട്ടികളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ടാൽ അവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പ്രബിഷയുടെ സഹോദരൻ പ്രത്യുഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞായറാഴ്ച ആശുപത്രിയിലെത്തിയ പ്രശാന്ത്, ആദ്യം പ്രബിഷയോട് സംസാരിക്കുന്നതായി അഭിനയിക്കുകയും പെട്ടെന്ന് കൈയിൽ കരുതിയിരുന്ന ആസിഡ് അവളുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നുവെന്ന് പ്രത്യുഷ് പറഞ്ഞു. പ്രശാന്ത് മദ്യത്തിനും ലഹരിക്കും അടിമയാണെന്ന് യുവതിയുടെ മാതാവ് സ്മിത ആരോപിച്ചു. രണ്ടുതവണ മദ്യപാനം നിർത്തിയിരുന്നെങ്കിലും വീണ്ടും തുടങ്ങി മകളെ മർദിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രബിഷ ബന്ധം ഉപേക്ഷിച്ചത്. മുൻപ് പ്രശാന്തിന്റെ ആക്രമണത്തിൽ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
A 30-year-old woman, Prabisha, was seriously injured in an acid attack by her ex-husband, Prasanth (36), at an Ayurveda hospital in Cheruvannur, Kozhikode. Prasanth, who was arrested, allegedly used formic acid, causing severe burns to Prabisha's face, eye, chest, and back. The couple had divorced two years ago, and Prabisha's family alleges Prasanth was abusive and addicted to alcohol and drugs.
#AcidAttack, #Kozhikode, #CrimeAgainstWomen, #DomesticViolence, #Kerala, #Arrest