Complaint | എടനീര്‍ മഠാധിപതിയുടെ വാഹനത്തിന് നേരെ അക്രമമെന്ന് പരാതി; എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
● വാഹനത്തിന്റെ ഗ്ലാസ് തകർന്നു
● സംഘാടകർ മഠത്തിലെത്തി മാപ്പ് പറഞ്ഞു
● ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഹിന്ദുഐക്യവേദി ബോവിക്കാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും
കാസര്‍കോട്: (KasargodVartha) എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയുടെ വാഹനത്തിന് നേരെ ഞായറാഴ്ച അക്രമം നടന്നതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ എൻ എ നെല്ലിക്കുനിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധം സംഘടിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ ഇരിയണ്ണി വഴി എടനീര്‍ മഠത്തിലേക്ക് പോവുകയായിരുന്ന സ്വാമിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി ഒരു യുവാവ് അതിക്രമം കാണിക്കുകയായിരുന്നുവെന്നാണ് മഠം അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വടികൊണ്ട് അടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ഗ്ലാസിന് പോറലേറ്റിട്ടുണ്ട്.
ബോവിക്കാനം ഇരിയണ്ണി റോഡില്‍ സംസ്ഥാന സൈകിളിങ് മത്സരം നടക്കുന്നത് കാരണം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സ്വാമിയുടെ വാഹനം കടത്തിവിട്ടിരുന്നു. എന്നാല്‍ ബോവിക്കാനത്തിനടുത്തെത്തുമ്പോഴാണ് വാഹനം തടഞ്ഞ് നിര്‍ത്തി അക്രമത്തിന് മുതിർന്നതെന്ന് മഠം അധികൃതർ പറയുന്നു.
സംഭവം അറിഞ്ഞ സംഘാടകര്‍ പിന്നീട് മഠത്തിലെത്തി സ്വാമിയോട് മാപ്പ് പറഞ്ഞിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടും മഠാധിപതിയെ ബന്ധപ്പെട്ടിരുന്നു.
എടനീരിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വേണു സ്വാഗതം പറഞ്ഞു. മനാഫ് ഇടനീർ അദ്ധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ പ്രസംഗിച്ചു. സലിം ഇടനീർ നന്ദി പറഞ്ഞു.
അതേ സമയം ചൊവ്വാഴ്ച ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോവിക്കാനത്ത് വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി.
#EdaneerMutt #Attack #CyclingChampionship #KeralaNews #Protest