Farmers In Distress | കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നു; പശു വളര്‍ത്തല്‍ ഇനിയും തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ക്ഷീരകര്‍ഷകര്‍
കല്പറ്റ: (www.kasargodvartha.com) കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നതോടെ ക്ഷീകര്‍ഷകര്‍ പ്രതിസന്ധിയില്‍. കേരള ഫീഡ്സും മില്‍മയും ഉള്‍പെടെയുള്ള കാലിത്തീറ്റ ഉല്പാദകരാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന പാലിന്റെ വില വര്‍ധന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കാലിത്തീറ്റയുടെ വില ചാക്കിന് ശരാശരി 150 രൂപ മുതല്‍ 180 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ക്ഷീര കര്‍ഷക സംഘടനകളുടെ തീരുമാനം.
കാലിത്തീറ്റയുടെ വില വര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ പശു വളര്‍ത്തല്‍ ഇനിയും തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2019ന് ശേഷം പാലിന് ലിറ്ററിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, 2019 മുതല്‍ 2022വരെ കാലിത്തീറ്റക്ക് നാല് തവണയാണ് വില വര്‍ധിപ്പിച്ചതെന്നും കര്‍ഷകര്‍ പറയുന്നു.
2019ല്‍ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1050 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1400നും 1500നുമിടയിലായി ഉയര്‍ന്നു. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് മില്‍മയുടെ ഗോമതി ഗോള്‍ഡ് എന്ന കാലിത്തീറ്റയുടെ വില 1370ല്‍നിന്ന് 1550തായും ഗോമതി റിച്ചിന്റെ വില 1240ല്‍നിന്ന് 1400 ആയും കുത്തനെ വര്‍ധിപ്പിച്ചതെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. 160 രൂപ മുതല്‍ 180 രൂപവരെയാണ് മില്‍മയുടെ കാലിത്തീറ്റയുടെ വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.
കേരള ഫീഡ്സും 150 രൂപയലധികം കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ പാലിന് ശരാശരി 45 രൂപയുടെ ചെലവുണ്ട്. എന്നാല്‍, ഒരു ലിറ്റര്‍ പാലിന് ശരാശരി 35 രൂപയാണ് ക്ഷീരകര്ഷകന് ലഭിക്കുന്നത്. മില്‍മ പാകറ്റ് പാലിനുള്‍പ്പെടെ ലിറ്ററിന് 50 രൂപയായി ഉയര്‍ത്തിയിട്ടും ക്ഷീര കര്ഷകന് ലഭിക്കുന്ന വില വര്‍ധിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ നഷ്ടം സഹിക്കുന്നതിനിടെയുള്ള കാലിത്തീറ്റ വര്‍ധന പശു വളര്‍ത്തല്‍ നിര്‍ത്തേണ്ട അവസ്ഥയാണുണ്ടാക്കുന്നതെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Thiruvananthapuram, news, Kerala, farmer, Agriculture, Top-Headlines, Business, Rising feed price leaves dairy farmers in distress.